Senior Lawyer Attacked Junior: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ മോപ് സ്റ്റിക് കൊണ്ട് മർദിച്ചു; സീനിയർ അഭിഭാഷകനെതിരേ പരാതി
Senior Lawyer Attacked Junior Lawyer: വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫിസില്‍വെച്ചാണ് മര്‍ദ്ദിച്ചത്. ഇരുവരും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതാണ് പിന്നീട് മർദ്ദനത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം.

Baylin Das
തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ ക്രൂരമായി മർദിച്ചതായി പരാതി. തിരുവനന്തപുരം വഞ്ചിയൂർ കോടതി വളപ്പിനുള്ളിൽ ഇന്ന് ഉച്ച കഴിഞ്ഞാണ് സംഭവം. പാറശാല സ്വദേശിയായ ജൂനിയർ അഭിഭാഷക ശ്യാമിലിയെ സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ദാസാണ് മര്‍ദിച്ചത്. മോപ് സ്റ്റിക് ഉൾപ്പെടെ ഉപയോഗിച്ചാണ് ഇയാൾ മർദിച്ചതെന്നാണ് യുവതിയുടെ പരാതി.
മർദ്ദനത്തിൽ യുവതിയുടെ മുഖത്ത് സാരമായി പരിക്കേറ്റു. തുടർന്ന് ശ്യാമിലിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ പരാതിയിൽ ബെയ്‌ലിൻ ദാസിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യലിൽ മാത്രമേ മർദനത്തിന്റെ കാരണം ഉൾപ്പെടെ വ്യക്തമാകൂ.
വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫിസില്‍വെച്ചാണ് മര്‍ദ്ദിച്ചത്. ഇരുവരും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതാണ് പിന്നീട് മർദ്ദനത്തിലേക്ക് എത്തിച്ചതെന്നാണ് വിവരം. ഇതിനു മുൻപും അഭിഭാഷകനിൽ നിന്ന് മർദനമേൽക്കേണ്ടി വന്നിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു.
അതേസമയം സംഭവത്തിൽ അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെ ബാർ അസോസിയേഷനിൽ നിന്ന് താത്കാലികമായി പുറത്താക്കി. സംഭവത്തിനെ കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാർ കൗൺസിലിൽ റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. യുവതിക്കൊപ്പമാണ് തങ്ങളെന്നും നീതി നേടിക്കൊടുക്കാൻ ഒപ്പം നിൽക്കുമെന്നും ബാർ അസോസിയേഷൻ പറഞ്ഞു.
രണ്ട് ജൂനിയർ വക്കീലന്മാർ തമ്മിൽ തർക്കമുണ്ടായതിനെപറ്റി ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞതുകൊണ്ടാണ് യുവതിയെ മര്‍ദ്ദിച്ചതെന്നുമാണ് അഭിഭാഷകന്‍ ബെയ്‌ലിൻ പറയുന്നത്.