കാലടി സർവകലാശാല സസ്പെൻഷൻ വിവാദം: കേസ് പരിഗണിക്കാൻ ഹൈക്കോടതിയോട് നിർദേശിച്ച് സുപ്രീം കോടതി
Kalady University suspension controversy: പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് വിദ്യാർഥികൾ അടിയന്തര ഹർജിയുമായി എത്തിയത്. ഈ ഹർജിയാണ് ഇപ്പോൾ കോടതി ഇടപെടാതെ തിരിച്ച് ഹൈക്കോടതിയിലേക്ക് അയച്ചിരിക്കുന്നു.

Kalady University Suspension Controversy
ന്യൂഡൽഹി: പരീക്ഷ എഴുതാൻ അനുമതി തേടി കാലടി സർവകലാശാല സസ്പെൻഡ് ചെയ്ത 16 വിദ്യാർഥികൾ നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. കേസ് ഹൈക്കോടതിക്ക് തിരിച്ചയച്ച സുപ്രീംകോടതി, ഹൈക്കോടതി സിംഗിൾ ബഞ്ചിനോട് ഉടൻ വാദം കേൾക്കാനും നിർദേശം നൽകി. പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന വിദ്യാർഥികളുടെ ആവശ്യം നേരത്തെ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയിലേക്ക് വിദ്യാർഥികൾ അടിയന്തര ഹർജിയുമായി എത്തിയത്. ഈ ഹർജിയാണ് ഇപ്പോൾ കോടതി ഇടപെടാതെ തിരിച്ച് ഹൈക്കോടതിയിലേക്ക് അയച്ചിരിക്കുന്നത്.
വിദ്യാർഥികളുടെ ഹർജികൾ എത്രയും പെട്ടെന്നു തീർപ്പാക്കാനാണ് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിനോടു സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. തീരുമാനം അവർക്ക് അനുകൂലമെങ്കിൽ പ്രത്യേക പരീക്ഷ നടത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. ഉത്തരവ് അനുകൂലമെങ്കിൽ സർവകലാശാല നടപടി വിദ്യാർഥികളുടെ താൽപര്യത്തെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജഡ്ജിമാരായ പി.എം. നരസിംഹ, അലോക് ആരാധെ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ALSO READ: അഭിരാമിന്റെ കൊലപാതകം: മറ്റൊരു പെൺകുട്ടി കൂടി കസ്റ്റഡിയിൽ; കുടുങ്ങിയത് പ്രതി ഉമറിന്റെ പെൺസുഹൃത്ത്
വിദ്യാർഥികളെ 64 ദിവസം സസ്പെൻഷനിൽ നിർത്തിയത് അന്വേഷണ റിപ്പോർട്ട് പോലുമില്ലാതെയാണെന്ന് വിദ്യാർഥികളുടെ അഭിഭാഷകർ വാദിച്ചു. സസ്പെൻഷനിലുള്ളവരിൽ ചിലർ മാസ്റ്റേഴ്സ് വിദ്യാർഥികളാണ്. ചിലർ മറ്റ് കോഴ്സുകളിലുള്ളവരാണ്. അവർക്ക് ഈ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സെപ്റ്റംബറിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കുവെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.
സർവകലാശാലയുടെ അച്ചടക്ക നടപടികളും പരിഗണിക്കപ്പെടേണ്ട ഘടകമാണെന്നു സുപ്രീം കോടതി മറുപടി നൽകി. എന്നാൽ വിദ്യാർഥികളുടെ ജീവിതവും കരിയറും അവസാനിക്കുന്ന തരത്തിലുള്ള സാഹചര്യം ഉണ്ടാകുമ്പോൾ കോടതിക്ക് ഇടപെടേണ്ടിവരും. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും കോടതി ചൂണ്ടിക്കാട്ടി. വിദ്യാർഥികൾ അവതരിപ്പിച്ച പ്രതിഷേധ നാടകത്തെക്കുറിച്ചും വിദ്യാർഥികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ മറ്റു വാദങ്ങളിലേക്ക് കടക്കരുതെന്ന് നിർദേശിച്ച കോടതി, അടിയന്തര തീർപ്പിനായി ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ നിർദേശിച്ചു.
വൈസ് ചാൻസലർ സിസ തോമസിനെതിരായ പ്രതിഷേധത്തിൻറെ പേരിൽ ആണ് വിദ്യാർഥികൾ സസ്പെൻഷനിൽ ആയത്. ഈ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് അനുമതി നൽകിയിരുന്നതാണ്. എന്നാൽ സസ്പെൻഷനിലുള്ള വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനെതിരേ സർവകലാശാല അപ്പീൽ നൽകി. ഇത് പരിഗണിച്ച ഡിവിഷൻ ബഞ്ച് സിംഗിൾ ബഞ്ചിന്റെ ഉത്തരവ് റദ്ദാക്കുകയായിരുന്നു.
ചില വിദ്യാർഥികൾക്ക് ആവശ്യമായ അറ്റൻഡൻസ് ഉൾപ്പെടെ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഡിവിഷൻ ബഞ്ച് ചട്ടവിരുദ്ധമായി തീരുമാനമെടുക്കാൻ വാഴ്സിറ്റിയോട് നിർദേശിക്കാൻ കോടതികൾക്ക് ആവില്ല എന്ന് നിരീക്ഷിക്കുകയും സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധം എന്ന് വിലയിരുത്തുകയുമായിരുന്നു. തുടർന്ന് സുപ്രീം കോടതിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദ്യാർഥികൾ മേൽക്കോടതിയിൽ ഹർജി നൽകുകയായിരുന്നു.
English Summary
The Supreme Court has declined to intervene in a petition filed by 16 students, who were suspended by Kalady University, seeking permission to appear for examinations. The Supreme Court has directed the single bench of the Kerala High Court to dispose of the students’ petitions as expeditiously as possible. The Court has further instructed that, should the decision be in their favor, a special examination be conducted for them.