Kalamassery: ഒരിക്കലും ശരിയാവാതെ എൻഎഡി റോഡ്; അതീവദുഷ്കരമായി യാത്ര
NAD Road Issues: കളമശ്ശേരി എൻഎഡി റോഡിലെ യാത്രാദുരിതം അവസാനിക്കുന്നില്ല. കളമശ്ശേരി റെയിൽവേ സ്റ്റേഷന് മുന്നിലൂടെയുള്ള റോഡാണ് ഇത്.

പ്രതീകാത്മക ചിത്രം
കളമശ്ശേരി റെയിൽവേ സ്റ്റേഷന് മുന്നിലൂടെയുള്ള റോഡാണ് എൻഎഡി റോഡ്. സീപോർട്ട് – എയർപോർട്ട് റോഡിൽ നിന്നാരംഭിച്ച് കേന്ദ്രീയ വിദ്യാലയത്തിനും കളമശ്ശേരി റെയിൽവേ സ്റ്റേഷനും മുന്നിലൂടെ കളമശ്ശേരി പ്രാഥമികാരോഗ്യകേന്ദ്രം വരെ മൂന്ന് കിലോമീറ്ററിലധികം ദൂരമുള്ള റോഡ് യാത്രക്കാരുടെ പേടിസ്വപ്നമാണ്.
ഏറെക്കാലമായി ശോചനീയമായ അവസ്ഥയിലാണ് റോഡ്. തുടക്കം മുതൽ അവസാനം വരെ റോഡിൽ കുണ്ടും കുഴിയുമാണ്. ടാർ ഇളകിപ്പോയിട്ട് മാസങ്ങളായെങ്കിലും ഇതുവരെ റീടാർ ചെയ്യാൻ അധികൃതർ തയ്യാറായിട്ടില്ല. പ്രധാനപ്പെട്ട മൂന്ന് സ്ഥാപനങ്ങളാണ് ഈ റോഡിൻ്റെ വശത്തുള്ളത്. കേന്ദ്രീയ വിദ്യാലയത്തിലേക്ക് യാത്രചെയ്യാനുള്ള ഒരേയൊരു വഴി ഇതാണ്. കുണ്ടും കുഴിയും ആയതിനാൽ വിദ്യാർത്ഥികൾ യാത്ര ചെയ്യാൻ ഏറെ ബുദ്ധിമുട്ടുന്നുണ്ട്.
കളമശ്ശേരി റെയിൽവേ സ്റ്റേഷനും ഈ വഴിയിൽ തന്നെയാണ്. പാസഞ്ചർ, മെമു, എക്സ്പ്രസ് ട്രെയിനുകൾ ഉൾപ്പെടെ ആകെ 9 ട്രെയിനുകളാണ് ഇവിടെ നിർത്തുന്നത്. രണ്ട് പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. ഈ ട്രെയിനിൽ യാത്ര ചെയ്യേണ്ട യാത്രക്കാരും ഇവിടേക്കെത്താൻ ബുദ്ധിമുട്ടുകയാണ്.
പിന്നെയുള്ളത് കളമശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രം. എൻഎഡി റോഡ് അവസാനിക്കുന്നയിടത്താണ് കളമശ്ശേരി പ്രാഥമിക ആരോഗ്യകേന്ദ്രം. സീപോർട്ട് – എയർപോർട്ട് റോഡ് വഴിയും ആശുപത്രിയിലെത്താം. എന്നാൽ, ചൈതന്യ നഗർ, പ്രതീക്ഷ നഗർ തുടങ്ങിയ പ്രദേശങ്ങളിലെ താമസക്കാർക്ക് എൻഎഡി റോഡ് വഴി ആശുപത്രിയിലെത്തുന്നതാണ് എളുപ്പം. അതേസമയം, റോഡിലെ കുണ്ടും കുഴിയും കാരണം ഈ റോഡിലൂടെ യാത്ര ചെയ്യുക വളരെ ദുഷ്കരമാണ്.
ഇതോടൊപ്പം ഈ റോഡിലെ പൊടിയും യാത്രക്കാർക്ക് പ്രശ്നമാണ്. ടാറിംഗ് നേരെയല്ലാത്ത റോഡിലൂടെ വാഹനങ്ങൾ സഞ്ചരിക്കുമ്പോൾ പൊടിപടലങ്ങൾ ഉയരുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ട്.