Kannur Bomb Blast: മരിച്ചത് പ്രതി അനൂപ് മാലികിന്റെ ബന്ധു, കണ്ണൂർ സ്ഫോടനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം
Kannur bomb blast Crime Branch Investigation: സ്ഫോടനം നടന്ന വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
കണ്ണൂർ: കീഴറയിലെ സ്ഫോടനത്തിൽ ഒരു മരണം. കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചതെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ നിതിൻ രാജ് ഐപിഎസ് പറഞ്ഞു. പ്രതി അനൂപ് മാലികിന്റെ ബന്ധുവാണ്. സംഭവം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസ്. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ കേസെടുത്തിട്ടുണ്ട്. അനൂപ് മാലിക്ക് എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരമുള്ള ഏഴുകേസുകളില്‍ പ്രതിയായ ആളാണെന്നാണ് വിവരം. 2016ൽ കണ്ണൂർ പൊടിക്കുണ്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് ഇയാൾ. ഒളിവിൽ പോയ അനൂപിനായി അന്വേഷണം തുടരുകയാണ്.
ALSO READ: കണ്ണൂരിലെ വാടകവീട്ടിൽ വൻ സ്ഫോടനം; ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയ നിലയിൽ
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടിൽ നിർമ്മിച്ചിരുന്നത്.
ഇതിൻ്റെ നിർമ്മാണത്തിന് ലൈസൻസ് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ് എന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. സ്ഫോടനം നടന്ന വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.