Kasargod School Holiday: എൽപിജി ഗ്യാസ് ടാങ്കർ മറിഞ്ഞു; കാസർഗോഡ് നാളെ പ്രാദേശിക അവധി, ജാഗ്രതാ നിര്‍ദ്ദേശം
Kasaragod Declares Local Holiday on July 25th: സ്‌കൂൾ, അംഗനവാടി, കടകൾ ഉൾപ്പടെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ടാങ്കർ ഉയർത്തുന്നതിൻറെ ഭാഗമായി പ്രദേശത്തെ ഗതാഗതവും നിരോധിച്ചു.
കാസർകോട്: എൽപിജി ഗ്യാസ് ടാങ്കർ മറിഞ്ഞതിനെ തുടർന്ന് കാസർകോട് പടന്നക്കാട് പ്രദേശവാസികളായ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. അപകട സാധ്യത കണക്കിലെടുത്ത് നാളെ (ജൂലൈ 25) കാസർഗോഡ് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് സൗത്ത് മുതൽ ഐങ്ങൊത്ത് വരെയുള്ള 18, 19, 26 വാർഡുകളിലാണ് നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചത്.
സ്‌കൂൾ, അംഗനവാടി, കടകൾ ഉൾപ്പടെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ടാങ്കർ ഉയർത്തുന്നതിൻറെ ഭാഗമായി പ്രദേശത്തെ ഗതാഗതവും നിരോധിച്ചു. വീടുകളിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിക്കാനോ പുകവലിക്കാനോ പാടില്ലെന്നാണ് നിർദേശം. ഇൻവെർട്ടർ ഉപയോഗിച്ചുള്ള വൈദ്യുതിയും മറ്റ് ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ പാടില്ല. പ്രദേശത്തെ വൈദ്യുത ബന്ധവും വിച്ഛേദിച്ചേക്കും.
വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാനും വീഡിയോ ചിത്രീകരിക്കാനും പാടില്ല. നാളെ രാവിലെ എട്ട് മണി മുതൽ കാഞ്ഞങ്ങാട് സൗത്ത് മുതൽ പടന്നക്കാട് വരെ ഹൈവേ വഴിയുളള ഗതാഗതം പൂർണമായും നിരോധിക്കും. ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതിൻറെ ഭാഗമായിട്ടാണ് ഗതാഗതം നിരോധിച്ചത്.
ALSO READ: കാസർകോട് 14കാരി വീട്ടിൽ പ്രസവിച്ചു; ഗർഭിണിയായത് അറിഞ്ഞില്ലെന്ന് അമ്മ, ആശുപത്രിയിൽ
കാഞ്ഞങ്ങാട് നിന്ന് നീലേശ്വരത്തേക്ക് പോകുന്ന വാഹനങ്ങൾ പുതിയ കോട്ടയിൽ നിന്ന് കല്ലൂരാവി വഴി പോകണമെന്നും, നീലേശ്വരത്തു നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരുന്ന വാഹനങ്ങൾ മടിക്കൈ – കല്യാൺ റോഡ് – ആലയി വഴി കാഞ്ഞങ്ങാട് എത്തണമെന്നും അധികൃതർ നിർദേശിച്ചു. ചരക്ക് വാഹന ഗതാഗതം രാവിലെ 9.30 മുതൽ നിർത്തിവയ്ക്കുമെന്നും അറിയിച്ചു.