Kerala Amoebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; മൂന്നു മാസം പ്രായമുള്ള കുഞ്ഞിൻ്റെ ആരോഗ്യനില ഗുരുതരം
Kerala Amoebic Meningoencephalitis Case: രോഗം സ്ഥിരീകരിച്ച 49കാരനും മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ജില്ലയിൽ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞിൻറെ ആരോഗ്യനില ഗുരുതരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്. നിലവിൽ വെൻറിലേറ്ററിലാണ് കുട്ടി. കിണറ്റിലെ വെള്ളമാണ് രോഗത്തിൻറെ ഉറവിടമെന്നാണ് കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.
അതേസമയം രോഗം സ്ഥിരീകരിച്ച 49കാരനും മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്. ജില്ലയിൽ കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കാൻ ആരോഗ്യവകുപ്പ് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒമ്പത് വയസുകാരി അനയയുടെ സ്കൂളിൽ ആരോഗ്യവകുപ്പ് ഇന്ന് പ്രത്യേക ബോധവത്ക്കരണം നടത്തും. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമാണ് ക്ലാസ്. കോരങ്ങാട് യുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു അനയ. മുൻകരുതലിൻറെ ഭാഗമായി കുട്ടിയുടെ സഹോദരങ്ങളുടെ സ്രവ സാമ്പിളുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഇന്നലെയാണ് പനി ബാധിച്ച് ചികിത്സക്കെത്തിയ ഓമശ്ശേരി സ്വദേശിയായ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിൽ നടത്തിയ സ്രവപരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. അനയയുടെ മരണത്തിൽ താമരശ്ശേരിയിൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കുട്ടി നീന്തൽ പരിശീലിച്ച കുളത്തിൽ ഉൾപ്പെടെ ആരും ഇറങ്ങരുതെന്നാണ് നിർദേശം.