AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Assembly Session: നിയമസഭാ സമ്മേളനം നാളെ മുതൽ; രാഷ്ട്രീയ പോരുകൾ മുറുകുമോ?

Kerala Assembly Session Tomorrow: പ്രതിപക്ഷം നിരത്തുന്ന വിവിധ ആരോപണങ്ങളും സർക്കാരിന്റെ പ്രതിരോധവും സഭയെ പ്രക്ഷുബ്ധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. വരും ദിവസങ്ങളിൽ സഭാതലം കടുത്ത രാഷ്ട്രീയ പോർക്കളമായി മാറാനാണ് സാധ്യത. സംസ്ഥാനത്ത് അടുത്തിടെ ഉയർന്നുവന്ന വിവിധ വിവാദ വിഷയങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ആയുധമൊരുക്കുകയാണ്.

Kerala Assembly Session: നിയമസഭാ സമ്മേളനം നാളെ മുതൽ; രാഷ്ട്രീയ പോരുകൾ മുറുകുമോ?
Kerala Assembly SessionImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 11 Oct 2026 | 06:39 AM

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ചൂടേറിയ ചർച്ചകൾക്കും വാദപ്രതിവാദങ്ങൾക്കും വഴിയൊരുക്കിക്കൊണ്ട് കേരള നിയമസഭാ സമ്മേളനം നാളെ മുതൽ ആരംഭിക്കും. പ്രതിപക്ഷം നിരത്തുന്ന വിവിധ ആരോപണങ്ങളും സർക്കാരിന്റെ പ്രതിരോധവും സഭയെ പ്രക്ഷുബ്ധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. വരും ദിവസങ്ങളിൽ സഭാതലം കടുത്ത രാഷ്ട്രീയ പോർക്കളമായി മാറാനാണ് സാധ്യത. സംസ്ഥാനത്ത് അടുത്തിടെ ഉയർന്നുവന്ന വിവിധ വിവാദ വിഷയങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉന്നയിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം ആയുധമൊരുക്കുകയാണ്.

യു.ഡി.എഫ്. സർക്കാർ അധികാരമേറ്റശേഷമുള്ള രണ്ടാംസമ്മേളനമാണിത്. ഒൻപതുദിവസത്തേക്കാണ് സമ്മേളനം കൂടുക. നിയമനിർമാണത്തിനായി ചേരുന്ന ആദ്യസമ്മേളനമെന്ന പ്രത്യേകതയും ഇതിനുണ്ട്. ബജറ്റ് ഉപധനാഭ്യർഥന ചർച്ച ഈ സമ്മേളനത്തിൽ പൂർത്തിയാക്കും. നൂറുദിന കർമപരിപാടിയുടെ ഭാഗമായി പൂർത്തീകരിച്ച നേട്ടം ഉയർത്തിക്കാട്ടി സഭാസമ്മേളനത്തെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് യുഡിഎഫ് സർക്കാർ.

ALSO READ: 1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും തസ്‌തികകൾ സൃഷ്‌ടിക്കും, കമ്മ്യൂണിറ്റി കിച്ചൺ ജനുവരി 1 ന് – വമ്പൻ പ്രഖ്യാപനം

പ്രതിപക്ഷവും ഭരണപക്ഷവും നേർക്കുനേർ

വിഴിഞ്ഞം തുറമുഖവികസനം, പ്രിയദർശിനി സൗജന്യ ബസ് യാത്ര, ഓപ്പറേഷൻ തൂഫാൻ തുടങ്ങിയവയുടെ വിജയം സമ്മേളനത്തിൽ പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങളെ ചെറുക്കാനുള്ള സർക്കാരിൻ്റെ ആത്മവിശ്വാസമാണ്. വയോജനക്ഷേമ ബിൽ, ‍സ്വകാര്യ സർവകലാശാല ‍ബിൽ തുടങ്ങിയവ തയ്യാറായിക്കഴിഞ്ഞു. കിഫ്ബി ഉടച്ചുവാർക്കാൻ തീരുമാനിച്ചതിനാൽ, വികസനപദ്ധതികൾക്കുള്ള സാമ്പത്തിക സമാഹരണത്തിന് ബദൽ വഴിയെന്തെന്നും സർക്കാരിന് നാളത്തെ സമ്മേളനത്തിൽ വിശദീകരിക്കേണ്ടിവരും.

നാലുമാസത്തിനിടെ പുതിയ സർക്കാരിന്റെ മേൽ കരിനിഴൽവീഴ്ത്തിയ രാഷ്ട്രീയവിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കിയേക്കും. തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് നേരിട്ട തിരിച്ചടി ജനങ്ങൾക്കുള്ള അവിശ്വാസത്തിന് തെളിവായിട്ടാകും പ്രതിപക്ഷം നാളെ ഉയർത്തിക്കാട്ടുക. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിവാദ സ്പോൺസർഷിപ്പ് യാത്രകളടക്കം പ്രതിപക്ഷത്തിൻ്റെ ശക്തമായ വാദങ്ങൾക്കുള്ള മൂർച്ചയേറിയ ആയുധമാണ്.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം, വന്ദേമാതരം, പി എം- ശ്രീ വിവാദം, യുഡിഎഫ് കൺവീനർ- മുഖ്യമന്ത്രി അഭിപ്രായഭിന്നത തുടങ്ങി നിരവധി വിവാദ വിഷയങ്ങളിൽ പ്രതിപക്ഷത്തിന് മുന്നിൽ സർക്കാർ ഉത്തരം പറയേണ്ടിവരും. അതേസമയം, സി.എം.ആർ.എൽ-എക്‌സാലോജിക് കേസിൽ പ്രതിപക്ഷ നേതാവിനെതിരെയുള്ള അന്വേഷണം അടക്കം സർക്കാരിൻ്റെ വാക്പോരിനുള്ള ആയുധമാണ്.

മെസ്സിയെ കേരളത്തിൽ കൊണ്ടുവരുന്നതിന്റെ പേരിലുള്ള തട്ടിപ്പ്, സിപിഎം വിശാലകമ്മിറ്റികളിലെ തെറ്റുതിരുത്തലും പാലക്കാട് ജില്ലാസെക്രട്ടറിക്കു നേരേയുള്ള പരാതിയും, പ്രതിപക്ഷ ഉപനേതാവ് തർക്കം, പിഎസ്.സി ക്രമക്കേടും ഹൈക്കോടതി ഇടപെടലും തുടങ്ങി മറ്റ് നിരവധി വിഷയങ്ങളിൽ പ്രതിപക്ഷത്തെ ഭരണപക്ഷം വെട്ടിലാക്കാനുള്ള സാധ്യതയും കാണുന്നുണ്ട്. സഭയിലെ സഭാ നടപടികൾ തടസ്സപ്പെടുമോ, അതോ സംസ്ഥാനത്തെ പൊതുവിഷയങ്ങളിൽ അർത്ഥവത്തായ ചർച്ചകൾ നടക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ഏതായാലും വരുന്ന ദിവസങ്ങളിൽ കേരള രാഷ്ട്രീയം നിയമസഭയെ കേന്ദ്രീകരിച്ച് വൻ ചലനങ്ങൾ സൃഷ്ടിക്കുമെന്നുറപ്പാണ്.

English Summary:

The second session of the Kerala Legislative Assembly convenes on Monday October 12, for nine days to complete key legislative business and budget discussions. The ruling UDF government plans to highlight achievements.

Follow Us