Sanju Samson: ശ്രീലങ്കന്‍ പരമ്പരയില്‍ വൈഭവ് ഓപ്പണര്‍? സഞ്ജു സൂക്ഷിക്കണം
Sanju Samson vs Vaibhav Sooryavanshi: റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇന്ത്യയുടെ ടി20 പ്ലേയിങ് ഇലവനില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ ശക്തമാക്കി 15-കാരന്‍ വൈഭവ് സൂര്യവംശി. ശ്രീലങ്കയ്‌ക്കെതിരെ അടുത്ത മാസം നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു സാംസണ് പകരം വൈഭവ് ഓപ്പണറാകാനുള്ള സാധ്യതകള്‍ ശക്തമാണ്.
റൈസിങ് സ്റ്റാര്‍ ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ പുറത്തെടുത്ത തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇന്ത്യയുടെ ടി20 പ്ലേയിങ് ഇലവനില്‍ തിരിച്ചെത്താനുള്ള സാധ്യതകള്‍ ശക്തമാക്കി 15-കാരന്‍ വൈഭവ് സൂര്യവംശി. ശ്രീലങ്കയ്‌ക്കെതിരെ അടുത്ത മാസം നടക്കുന്ന ടി20 പരമ്പരയില്‍ സഞ്ജു സാംസണ് പകരം വൈഭവ് ഓപ്പണറാകാനുള്ള സാധ്യതകള്‍ ശക്തമാണ്. ഇന്ത്യയില്‍ നടക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഡിസംബര്‍ 22, 24, 27 തീയതികളിലാണ് ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പരയിലെ മത്സരങ്ങള്‍ നടക്കുന്നത്. ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് വൈഭവ് അവസാനമായി ഇന്ത്യയ്ക്ക് വേണ്ടി ടി20 കളിച്ചത്. ഈ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ താരം 19 പന്തില്‍ 45 റണ്‍സെടുത്തിരുന്നു.
എന്നാല്‍ തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും സഞ്ജു സാംസണ്‍-അഭിഷേക് ശര്‍മ സഖ്യം വീണ്ടും ഓപ്പണര്‍മാരായി ഇറങ്ങിയതോടെ വൈഭവിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി. എന്നാല്‍ വൈഭവിന് തിരിച്ചുവരവിന് കളമൊരുക്കുകയാണ് റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ്.
തകര്‍പ്പന്‍ പ്രകടനം
യുഎഇയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യ എയുടെ ഓപ്പണറായ വൈഭവ് 53 പന്തില്‍ 204 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഏഴ് ഫോറുകളും, 28 സിക്‌സുകളും അടങ്ങുന്നതായിരുന്നു പ്രകടനം. 16 പന്തില്‍ താരം അര്‍ധ സെഞ്ചുറി തികച്ചു. സെഞ്ചുറിക്ക് വേണ്ടി വന്നത് വെറും 28 ബോളുകള്‍. 40 പന്തില്‍ 150 കടന്നു. 52 പന്തില്‍ ഇരട്ട സെഞ്ചുറിയിലെത്തി.
ലിസ്റ്റ്-എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ 100, 150, 200 റൺസ് എന്നീ റെക്കോർഡുകള്‍ വൈഭവ് സ്വന്തമാക്കി. ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ബാറ്റർ എന്ന ലോക റെക്കോഡും ഇനി വൈഭവിന് സ്വന്തം. റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് 50 ഓവര്‍ ഫോര്‍മാറ്റിലാണെങ്കിലും, വൈഭവ് പുറത്തെടുത്ത ഈ പ്രകടനം താരത്തിന്റെ ടി20യിലെ പ്ലേയിങ് ഇലവനിലേക്കുള്ള തിരിച്ചുവരവിനുള്ള സാധ്യതകള്‍ ശക്തമാക്കുന്നുവെന്നാണ് നിരീക്ഷണം.
സഞ്ജുവിന് തിരിച്ചടി?
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനാകാത്തത് സഞ്ജുവിന് തിരിച്ചടിയായേക്കാം. സഹതാരങ്ങള്‍ക്കു വേണ്ടി തന്റെ ഓപ്പണിങ് സ്ഥാനം പോലും കേരളത്തിന്റെ ക്യാപ്റ്റനായ സഞ്ജു വിട്ടുകൊടുത്തിരിക്കുകയാണ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ നടന്ന ആറു മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് സഞ്ജു ഓപ്പണറായി കളിച്ചത്. മറ്റ് മത്സരങ്ങളില്‍ മൂന്ന് മുതല്‍ ഏഴു വരെയുള്ള സ്ഥാനങ്ങളില്‍ ബാറ്റിങിന് ഇറങ്ങി. പല മത്സരങ്ങളിലും അവസാന ഓവറുകളിലാണ് ബാറ്റിങിന് എത്തിയത്. അതുകൊണ്ട് തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരവും സഞ്ജുവിന് ഉണ്ടായിരുന്നില്ല.
ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പരയില്‍ ആദ്യ മത്സരത്തില്‍ മാത്രമാണ് സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തത്. ശ്രീലങ്കന്‍ പരമ്പരയില്‍ താരം ടീമില്‍ ഉള്‍പ്പെടുമോയെന്നതില്‍ ആരാധകര്‍ക്ക് ആശങ്കയുണ്ട്. എങ്കിലും പരിശീലകന്‍ ഗൗതം ഗംഭീര്‍ എപ്പോഴത്തെയും പോലെ സഞ്ജുവിന് ഇത്തവണയും ഉറച്ച പിന്തുണ നല്‍കുമെന്നാണ് ആരാധക പ്രതീക്ഷ.
English Summary
Vaibhav Sooryavanshi smashed a record 204 off 53 balls against UAE in the Rising Stars Asia Cup. His explosive knock puts him in strong contention to replace Sanju Samson as India’s T20I opener against Sri Lanka next month.