UDF Government: തര്‍ക്കം ഒഴിഞ്ഞില്ല, വകുപ്പുകളായില്ല; രണ്ടാം മന്ത്രിസഭായോഗം ഇന്ന്
Kerala Government Yet to Finalise Minister Portfolios After Swearing In: ഷിബു ജോണിന് വനം വകുപ്പ് ലഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ആ വകുപ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എന്നാല്‍ വകുപ്പില്‍ ഉറപ്പില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര നിര്‍ദേശങ്ങള്‍ നല്‍കാനോ വിഷയങ്ങളില്‍ ഇടപെടല്‍ നടത്താനോ അദ്ദേഹത്തിന് സാധിച്ചില്ല.
തിരുവനന്തപുരം: രണ്ടാം മന്ത്രിസഭായോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സത്യപ്രതിജ്ഞ കഴിഞ്ഞ രണ്ട് ദിവസം പിന്നിടുമ്പോഴും മന്ത്രിമാരുടെ വകുപ്പുകളില്‍ ഇനിയും തീരുമാനമായിട്ടില്ല. വകുപ്പുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസത്തോടെ വിജ്ഞാപനമിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇന്ന് ചേരുന്ന യോഗത്തില്‍ ഭൂരിഭാഗം മന്ത്രിമാരും പങ്കെടുക്കുക വകുപ്പുകളില്ലാതെയാണ്.
മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ വകുപ്പുകളില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. മന്ത്രിമാരില്ലാത്തതിനാല്‍ തന്നെ പല വകുപ്പുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുന്നു. ഇന്നെങ്കിലും വിഷയത്തില്‍ ഒരു തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും. എന്നാല്‍ ചില മന്ത്രിമാര്‍ തങ്ങള്‍ക്ക് പറയപ്പെടുന്ന വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അനൗപചാരിക കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങിയില്ലെങ്കില്‍ മാത്രമേ ഭരണപരമായ കാര്യങ്ങളുമായി മുന്നോട്ടുപോകാന്‍ സാധിക്കൂ.
ഷിബു ജോണിന് വനം വകുപ്പ് ലഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ ആ വകുപ്പില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. എന്നാല്‍ വകുപ്പില്‍ ഉറപ്പില്ലാത്തതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടത്ര നിര്‍ദേശങ്ങള്‍ നല്‍കാനോ വിഷയങ്ങളില്‍ ഇടപെടല്‍ നടത്താനോ അദ്ദേഹത്തിന് സാധിച്ചില്ല.
നിലവില്‍ രമേശ് ചെന്നിത്തലയ്ക്ക് മാത്രമാണ് ഭരണനടപടികള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടുള്ളത്. ആഭ്യന്തര-വിജിലന്‍സ് എന്നീ വകുപ്പുകള്‍ അദ്ദേഹത്തിന് തന്നെയാണെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഉറപ്പുണ്ട്. മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നിയോഗിച്ചു.
വിഡി സതീശന്‍ തന്നെയായിരിക്കാം ധനവകുപ്പ് കൈകാര്യം ചെയ്യുന്നതെന്നാണ് വിവരം. വകുപ്പിന്റെ ചുമതല അദ്ദേഹം ഏറ്റെടുത്ത് ധവളപത്രം ഇറക്കുന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ ചര്‍ച്ച നടന്നു. മാത്രമല്ല, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഇന്ദിരാഗാരന്റിയുടെ ഭാഗമായി പ്രഖ്യാപിച്ച പല പദ്ധതികള്‍ എന്ന് ആരംഭിക്കുമെന്ന കാര്യവും പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചു.
പൊതുമരാമത്ത് വകുപ്പ് മുസ്ലിം ലീഗിന് തന്നെയായിരിക്കും എന്നാണ് വിവരം. എന്നാല്‍ ആരിലേക്ക് വകുപ്പ് എത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കെഎം ഷാജിക്ക് പൊതുമരാമത്ത് നല്‍കാനാണ് ലീഗില്‍ നിന്ന് ഉയരുന്ന നിര്‍ദേശം. എന്നാല്‍ പികെ ബഷീറും വിഎ അബ്ദുള്‍ ഗഫൂറും വകുപ്പ് ആവശ്യപ്പെടുന്നത് പ്രതിസന്ധിയുണ്ടാക്കുന്നു.
ആദ്യമായി നിയമസഭയിലെത്തിയ വിഎ അബ്ദുള്‍ ഗഫൂറിനെ മാറ്റിനിര്‍ത്തി നാലാം തവണ എംഎല്‍എ ആയ പികെ ബഷീറിലേക്ക് വകുപ്പ് എത്തിയേക്കാം. പികെ കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം-ഐടി വകുപ്പുകള്‍, എന്‍ ഷംസുദീന് വിദ്യാഭ്യാസം, കെഎം ഷാജിക്ക് തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകള്‍ നല്‍കും. വിഎ അബ്ദുള്‍ ഗഫൂറിന് ന്യൂനപക്ഷ ക്ഷേമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ നല്‍കിയേക്കാം.
പോലീസുകാര്‍ക്ക് സ്ഥലംമാറ്റം
ആഭ്യന്തരവകുപ്പ് വന്‍ അഴിച്ചുപണിയ്ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളെ സ്ഥലംമാറ്റി. സംസ്ഥാന പ്രസിഡന്റ് പ്രശാന്തിനെയും ജനറല്‍ സെക്രട്ടറി സിആര്‍ ബിജുവിനെയുമാണ് സ്ഥലംമാറ്റിയത്. ഇരുവരും പത്ത് വര്‍ഷത്തോളമായി യൂണിഫോമിടാതെ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ മാത്രം ജോലി ചെയ്ത് വരികയായിരുന്നു. പ്രശാന്തിനെ ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂടി ഉള്‍പ്പെടുന്ന മ്യൂസിയം എസ്എച്ച്ഒ ആയും, സിആര്‍ ബിജുവിനെ കൊച്ചി സിറ്റിയിലേക്കുമാണ് മാറ്റിയത്.
English Summary
The newly formed Government of Kerala is yet to finalise portfolios for ministers even two days after the swearing-in ceremony. Amid reports of disagreements over department allocation, the cabinet is scheduled to meet again today.