Wayanad Tunnel Road: കേരളം ഇനി കുതിക്കും; വയനാട് തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി ഇന്ന് തറക്കല്ലിടും
Wayanad Tunnel Road: ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലെ സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ വച്ചാണ് തുരങ്കപാതയുടെ ഉദ്ഘാടന ചടങ്ങ് നിർവ്വഹിക്കുക..
കോഴിക്കോട്: സംസ്ഥാനത്തിന്റെ വ്യവസായിക വികസനത്തിന് കുതിപ്പേകാൻ വയനാട് തുരങ്കപാതയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തറക്കല്ലിടും. ഇന്ന് വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലെ സെന്റ് മേരീസ് സ്കൂള്‍ ഗ്രൗണ്ടില്‍ വച്ചാണ് തുരങ്കപാതയുടെ ഉദ്ഘാടന ചടങ്ങ് നിർവ്വഹിക്കുക.. മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെഎന്‍ ബാലഗോപാല്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.
ഇതോടെ കേരളം സ്വപ്ന കണ്ട ഏറ്റവും വലിയ പദ്ധതിയായ ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും. വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളം വരുന്ന (ആകെ 8.735 കിലോമീറ്റർ). 2134 കോടിയാണ് നിര്‍മാണ ചെലവ്.
Also Read:മഴ മാറി മാനം തെളിഞ്ഞു! രണ്ടിന് വീണ്ടും ന്യൂനമര്‍ദം?
ഇത് പൂർത്തിയാകുന്നതോടെ താമരശ്ശേരി ചുരം ഒഴിവാക്കി എളുപ്പത്തിൽ വയനാട്ടിലെത്താം. മേപ്പാടിയിലേക്ക് 8.2 കിലോമീറ്ററിന്റേയും സുല്‍ത്താന്‍ ബത്തേരിയിലേക്ക് ഒരു കിലോമീറ്ററിന്റേയും കുറവാണുണ്ടാകുന്നത്. എന്നാൽ ജില്ലാ ആസ്ഥാനമായ കല്‍പറ്റയിലേക്ക് 7 കിലോമീറ്ററും മാനന്തവാടിയിലേക്ക് 12 കിലോമീറ്ററും അധികം സഞ്ചരിക്കേണ്ടി വരും. പക്ഷെ ഹെയര്‍പിന്‍ വളവുകളൊന്നുമില്ലാത്തതുകൊണ്ട് നിലവിൽ എടുക്കുന്നതിനെക്കാൾ പകുതി സമയമേ വേണ്ടിവരൂമെന്നാണ് വിവരം.ഊട്ടി, മൈസുരു, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയും സുഗമമാകും. സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാകും ആനക്കാംപോയിലേത്.
കോഴിക്കോട് മറിപ്പുഴ മുതൽ വയനാട്, കള്ളാടി മീനാക്ഷി പാലം വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. പദ്ധതിയിൽ ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും. ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും.