Kazhakkoottam Car Accident: കഴക്കൂട്ടത്ത് നിയന്ത്രണം വിട്ട കാർ ഹൈവേയിലെ തൂണിലിടിച്ച് അപകടം; ഒരാൾ മരിച്ചു, രണ്ട് പേരുടെ നില ഗുരുതരം
Thiruvananthapuram Car Accident: രാത്രിയിൽ ഏകദേശം 12 മണിയോടെയാണ് അപകടം നടക്കുന്നത്. വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചുണ്ടായിരുന്നുവെന്നാണ് വിവരം. മറ്റൊരു വാഹനവുമായി നടത്തിയ റേസിംഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്.
തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയപാതയിലുണ്ടായ കാറപകടത്തിൽ ഒരാൾ മരിച്ചു (Kazhakkoottam Car Accident). ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരു യുവതിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ ടെക്നോപാർക്കിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഥാർ എലിവേറ്റഡ് ഹൈവേയിലെ തൂണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. വാഹനം അമിത വേഗത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
മറ്റൊരു വാഹനവുമായി നടത്തിയ റേസിംഗിനിടെയാണ് അപകടം ഉണ്ടായതെന്നാണ് പോലീസ് സംശയിക്കുന്നത്. നിയന്ത്രണം വിട്ട തുണിലിടിച്ച് വാഹനത്തിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. ഷിബിനാണ് കാർ ഓടിച്ചിരുന്നത്. മാരായമുട്ടം സ്വദേശി രജനീഷ് (27), ബാലരാമപുരം സ്വദേശി ഷിബിൻ, പോങ്ങുംമൂട് സ്വദേശി കിരൺ (29), സിവിആർ പുരം സ്വദേശിനി അഖില (28), കൈമനം സ്വദേശിനി ശ്രീലക്ഷ്മി (23) എന്നിവരാണ് അപകടം നടക്കുമ്പോൾ കാറിലുണ്ടായിരുന്നത്.
രാത്രിയിൽ ഏകദേശം 12 മണിയോടെയാണ് അപകടം നടക്കുന്നത്. വാഹനത്തിലുണ്ടായിരുന്നവർ മദ്യപിച്ചുണ്ടായിരുന്നുവെന്നാണ് വിവരം. പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാളുടെ ജീവൻ നഷ്ടമായി. സംഭവത്തിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.