AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Doctors Protest in Kerala: ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക്; ആശുപത്രി സേവനങ്ങളെ എങ്ങനെ ബാധിക്കും?

Doctors Protest KGMOA strike in Kerala: താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിനാണ് വെട്ടേറ്റത്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റു. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച അനയ എന്ന പെണ്‍കുട്ടിയുടെ പിതാവായ സനൂപാണ് വിപിനെ വെട്ടിയത്

Doctors Protest in Kerala: ഡോക്ടര്‍മാര്‍ പ്രതിഷേധത്തിലേക്ക്; ആശുപത്രി സേവനങ്ങളെ എങ്ങനെ ബാധിക്കും?
പ്രതീകാത്മക ചിത്രം Image Credit source: PTI
jayadevan-am
Jayadevan AM | Updated On: 08 Oct 2025 17:04 PM

താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപ്പരിക്കേല്‍പിച്ച സംഭവത്തില്‍ കെജിഎംഒഎ പ്രതിഷേധത്തിലേക്ക്. കോഴിക്കോട് ജില്ലയില്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. നിലവില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനം തടസപ്പെടും. കോഴിക്കോട് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലെയും എമര്‍ജന്‍സി സര്‍വീസ് ഒഴികെ എല്ലാം അടച്ചിടും. താമരശേരി താലൂക്ക് ആശുപത്രിയില്‍ കാഷ്വാലിറ്റി അടക്കമുള്ള സേവനങ്ങളും ഉണ്ടാകില്ല.

താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിനാണ് വെട്ടേറ്റത്. തലയ്ക്ക് ആഴത്തില്‍ മുറിവേറ്റു. ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച അനയ എന്ന പെണ്‍കുട്ടിയുടെ പിതാവായ സനൂപാണ് വിപിനെ വെട്ടിയത്.

മകളുടെ ചികിത്സയില്‍ കാലതാമസം വരുത്തിയെന്ന് ആരോപിച്ചാണ് സനൂപ് ഡോക്ടറെ അക്രമിച്ചത്. ആശുപത്രി സൂപ്രണ്ടിനെ ലക്ഷ്യം വച്ചാണ് സനൂപ് എത്തിയതെങ്കിലും, വിപിനെ വെട്ടുകയായിരുന്നു. ആശുപത്രിയില്‍ പൊലീസ് എയ്ഡ് പോസ്റ്റ് ഇല്ലെന്ന് ഡോക്ടര്‍മാര്‍ ആരോപിച്ചു. പൊലീസ് എയ്ഡ്‌പോസ്റ്റ് വേണമെന്ന് ആവശ്യപ്പെട്ടതാണ്. വന്ദന ദാസിന്റെ മരണശേഷം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന് പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം തുടരുകയാണ്. ശക്തമായി പ്രതിഷേധിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

സംഭവം അത്യന്തം അപലപനീയമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ് നടന്നതെന്നും, ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടാന്‍ ഉപയോഗിച്ച വടിവാളും കണ്ടെടുത്തു.

Also Read: Thamarassery Doctor Attack Case: മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടി; ഗുരുതര പരിക്ക്‌

മകളെ കൊല്ലപ്പെടുത്തിയവനല്ലേയെന്ന് ചോദിച്ചുകൊണ്ടാണ് പ്രതി ഡോക്ടറെ വെട്ടിയത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും സനൂപ് ആരോപിച്ചു. ഓഗസ്ത് 14നാണ് സനൂപിന്റെ മകള്‍ അനയ മരിച്ചത്. താലൂക്ക് ആശുപത്രിയില്‍ ചികിത്സ ലഭിക്കാന്‍ കാലതാമസമുണ്ടായെന്ന് കുടുംബം ആരോപിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് അനയയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അനയ മരിച്ചത്.