Rakshakavacham Scheme: 5 ലക്ഷം രൂപയുടെ ധനസഹായം; സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ രക്ഷാകവചം
Kerala Announces Rakshakavacham Scheme 25 Lakh Workers to Get Rs 5 Lakh: ചിയാക്ക് വഴിയാണ് രക്ഷാകവചം പദ്ധതി നടപ്പാക്കുന്നത്. വേതന സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ലഭിക്കും. നിലവില്‍ 3.65 ലക്ഷത്തിലധികം സ്ഥാപനങ്ങളും 13 ലക്ഷത്തിലധികം തൊഴിലാളികളുമാണ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്.

പ്രതീകാത്മക ചിത്രം
സര്‍ക്കാര്‍ ജീവനക്കാരെ അപേക്ഷിച്ച് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നയാളുകളുടെ മരണത്തിന് ശേഷം കുടുംബത്തിന് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. മരണപ്പെട്ട വ്യക്തിയുടെ ജോലി പോലും അനന്തരാവകാശിക്ക് കൈമാറാത്ത സാഹചര്യം അവരെ സാമ്പത്തികമായും മാനസികമായും തളര്‍ത്തുന്നു. ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തുണയാകുകയാണ് സംസ്ഥാന സര്‍ക്കാര്‍.
സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ധനസഹായം നല്‍കുന്നതിനായി പ്രത്യേക പദ്ധതി ആരംഭിച്ച് കേരള സര്‍ക്കാര്‍. രക്ഷാകവചം എന്ന പേരില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ 25 ലക്ഷത്തോളം തൊഴിലാളികള്‍ക്കാണ് നേട്ടം ലഭിക്കുക. ജോലി സ്ഥലത്തോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാഹചര്യത്തിലോ ജീവന്‍ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ പദ്ധതി വഴി സര്‍ക്കാര്‍ വിതരണം ചെയ്യും. തൊഴിലാളികള്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നത് ഉറപ്പാക്കാന്‍ വേതന സുരക്ഷ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നടപ്പാക്കിയിരുന്നു.
രക്ഷാകവചം പദ്ധതി
ചിയാക്ക് വഴിയാണ് രക്ഷാകവചം പദ്ധതി നടപ്പാക്കുന്നത്. വേതന സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് ലഭിക്കും. നിലവില്‍ 3.65 ലക്ഷത്തിലധികം സ്ഥാപനങ്ങളും 13 ലക്ഷത്തിലധികം തൊഴിലാളികളുമാണ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്.
നിലവില്‍ നല്‍കുന്ന വര്‍ക്ക്‌മെന്‍ കോംപെന്‍സേഷന്‍ ആക്ട് പ്രകാരം നല്‍കുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമെയാണ് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം. 150 രൂപയാണ് ഒരു വര്‍ഷം ഈ പദ്ധതിയ്ക്കായി ഗുണഭോക്താവ് ചെലവഴിക്കേണ്ടത്. 2025-26 ബജറ്റില്‍ 30 ലക്ഷം രൂപ പദ്ധതിയ്ക്കായി സര്‍ക്കാര്‍ വകയിരുത്തിയിരുന്നു.
വേതന സുരക്ഷയ്ക്ക് പുറമെ പ്രതിസന്ധി ഘട്ടങ്ങളില്‍ തൊഴിലാളിയുടെ കുടുംബത്തെ പിന്തുണയ്ക്കുന്നതിന്റെ ആവശ്യകത സര്‍ക്കാര്‍ തിരിച്ചറിഞ്ഞുവെന്നും അതിനാലാണ് രക്ഷാകചവം ഇന്‍ഷുറന്‍സ് കൊണ്ടുവന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേണ്ടി കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള വഴി ഇന്‍ഷുറന്‍സ് സുരക്ഷ ഉറപ്പാക്കും. ഗ്രൂപ്പ് പേഴ്‌സണല്‍ ആക്‌സിഡന്റ് ഇന്‍ഷുറന്‍സ് പ്രോഗ്രാം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
രക്ഷാകവചം ധനസഹായം ലഭിക്കാന്‍ എന്ത് ചെയ്യണം?
തൊഴിലാളി മരണപ്പെട്ട് കഴിഞ്ഞാല്‍, അദ്ദേഹത്തിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, എഫ്‌ഐആര്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്‍പ്പെടെ ചിയാക്കിന്റെ ജില്ലാ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ വിശദമായി പരിശോധിച്ച് അര്‍ഹത ഉറപ്പുവരുത്തിയ ശേഷം ഉടന്‍ ധനസഹായം കൈമാറും.