Juvenile Act: ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വരുത്തണം: കേന്ദ്രത്തിന് മുന്നിൽ ആവശ്യമുന്നയിച്ച് സംസ്ഥാന സർക്കാർ
ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വരുത്തണമെന്ന് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാരിന് മുന്നിലാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംസ്ഥാന സർക്കാർ കത്ത് എഴുതി. പ്രായപൂർത്തിയാകാത്തവർ കുറ്റക്കാർ ആകുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.

Ramesh Chennithala
തിരുവനന്തപുരം: ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വരുത്തണമെന്ന് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാരിന് മുന്നിലാണ് സർക്കാർ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് സംസ്ഥാന സർക്കാർ കത്ത് എഴുതി. പ്രായപൂർത്തിയാകാത്തവർ കുറ്റക്കാർ ആകുന്ന കേസുകളുടെ എണ്ണം വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ജുവനൈൽ കുറ്റകൃത്യങ്ങളുടെ പ്രായപരിധി 18 ൽ നിന്ന് 16 ആയി കുറിക്കുന്നത് ആലോചിക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് കേന്ദ്രത്തിന് കത്ത് നൽകിയിരിക്കുന്നത്. ഇത്തരം കേസുകളിൽ ഇരകളുടെ ദുരിതം കൂടി പരിഗണിക്കണമെന്നും കത്തിൽ ആവശ്വപ്പെടുന്നുണ്ട്.
സംസ്ഥാനത്ത് അടുത്തകാലത്തുണ്ടായ ദൗർഭാഗ്യകരമായ ചില കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിൽ, പ്രായപരിധി സംബന്ധിച്ച നിയമപരമായ ഇളവുകൾ പ്രയോജനപ്പെടുത്തി കുറ്റവാളികൾ രക്ഷപ്പെടുന്ന സാഹചര്യം ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത് എന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ചേർത്തല, നെടുമ്പാശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവങ്ങൾ പൊതുസമൂഹത്തിൽ വലിയ ആശങ്കകൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിരിക്കുകയാണ്. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിയമത്തിന്റെ പഴുതുകളിലൂടെ സംരക്ഷണം ലഭിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ആഭ്യന്തര മന്ത്രി ഫെയ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
Also Read: പറഞ്ഞ നുണകൾ തിരുത്തണം, പത്മജയും പത്മിനിയും ബൂത്തുകളിൽ പ്രവർത്തിക്കട്ടെ ; രൂക്ഷ വിമർശനവുമായി കെ.എസ്.യു
ഹൈക്കോടതിയും ഈ വിഷയത്തിൽ സുപ്രധാനമായ നിരീക്ഷണങ്ങളും നിർദ്ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട് എന്നും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഹീനമായ കുറ്റകൃത്യങ്ങളിൽ നിയമഭേദഗതി അനിവാര്യമാണെന്ന നിലപാട് തന്നെയാണ് ആഭ്യന്തര വകുപ്പിനും സംസ്ഥാന സർക്കാരിനും നേരത്തെ തന്നെയുള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവരുടെ ദുരിതങ്ങൾക്കും പരിഗണന നൽകുന്ന തരത്തിൽ സന്തുലിത സമീപനമാണ് നിയമത്തിൽ ഉണ്ടാകേണ്ടത് എന്നും അദ്ദേഹം പറയുന്നു.
ചേരാനല്ലൂരിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് പൊതു സമൂഹത്തിടയിലും ജുവനൈൽ ആക്ട് ഭേദഗതി വേണമെന്നുള്ള വികാരം ഉണ്ടെന്നാണ് പല പ്രതികരണങ്ങളും വ്യക്തമാക്കുന്നത്. മാത്രമല്ല അടുത്തിടെയായി കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പല കേസുകളിലും പ്രധാന കുറ്റക്കാരായി വരുന്നത് 18 വയസ്സിന് താഴെയുള്ളവരാണ്. കൊലപാതകം ഉൾപ്പെടെയുള്ള കേസുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പ്രായപരിധിയുള്ളതിനാൽ ഇവർക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കാൻ കഴിയുന്നില്ല.
English Summary
The State Government has called for an amendment to the Juvenile Justice Act. This demand has been raised before the Central Government, with the State Government addressing a letter to the Union Home Minister regarding the matter. This move comes against the backdrop of an increasing number of cases involving minors as offenders.