Dengue Fever Precaution: കാലാവസ്ഥ മാറുന്നു, ഡെങ്കിപ്പനി ഭീഷണി ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Dengue Fever Precaution Tips: ഇടവിട്ടുള്ള മഴയും വെയിലും വരുന്ന കാലാവസ്ഥ കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമൊരുക്കുകയും കൊതുകിന്റെ സാന്ദ്രത കൂട്ടുകയും ചെയ്യുമെന്നാണ് അധികൃതർ വ്യക്തമാക്കുന്ന്. മഴയ്ക്ക് പിന്നാലെ വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഈഡിസ് കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കേണ്ടതുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. മൺസൂൺ അവസാനിക്കുന്ന സമയം ആയതിനാൽ ഡെങ്കിപ്പനി പോലുള്ള കൊതുകുജന്യരോഗങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിൻ്റെ മുന്നറിയിപ്പ്. കാലാവസ്ഥ മാറി മാറി വരുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത്തരം രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
ഇടവിട്ടുള്ള മഴയും വെയിലും വരുന്ന കാലാവസ്ഥ കൊതുകുകളുടെ പ്രജനനത്തിന് അനുകൂല സാഹചര്യമൊരുക്കുകയും കൊതുകിന്റെ സാന്ദ്രത കൂട്ടുകയും ചെയ്യുമെന്നാണ് അധികൃതർ വ്യക്തമാക്കുന്ന്. മഴയ്ക്ക് പിന്നാലെ വീടുകളിലും സ്ഥാപനങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യത കൂടുതലായതിനാൽ ഈഡിസ് കൊതുകുകളുടെ പ്രജനനം തടയുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കേണ്ടതുണ്ട്.
ALSO READ: തിരുവനന്തപുരം മെഡിക്കൽ കോളേജിന് മുന്നിലെ ഓടയിൽ ഭ്രൂണം
ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കുക
ഡെങ്കിപ്പനി പ്രതിരോധത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് രോഗം പരത്തുന്ന ഈഡിസ് കൊതുകുകളുടെ ഉറവിട നശീകരണമാണ്. വീടിനുള്ളിലും പരിസരത്തും കെട്ടിനിൽക്കുന്ന അല്പം ശുദ്ധജലം പോലും ഈ കൊതുകുകൾക്ക് മുട്ടയിട്ട് പെരുകാൻ ധാരാളമാണ്. വീടുകളിലും പരിസരങ്ങളിലും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ടിന്നുകൾ, ഉപയോഗശൂന്യമായ ടയറുകൾ, ചിരട്ടകൾ, പൂച്ചട്ടികൾ, വെള്ളം ശേഖരിക്കുന്ന മറ്റ് പാത്രങ്ങൾ എന്നിവയിൽ മഴവെള്ളമോ ശുദ്ധജലമോ കെട്ടിനിൽക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് കാരണമാകുന്നു.
വീടിനകത്തും പുറത്തും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള എല്ലാ ഇടങ്ങളും ആഴ്ചയിലൊരിക്കൽ കൃത്യമായി പരിശോധിച്ച് കൊതുകുകളുടെ ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിക്കണം. അതുപോലെ ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പുകൾ, ഉപേക്ഷിച്ച ടയറുകൾ, മൺപാത്രങ്ങൾ, ഫ്രിഡ്ജിന്റെ ട്രേ, എയർ കൂളറുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
വീടുകളിൽ വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, ബക്കറ്റുകൾ എന്നിവ എപ്പോഴും നന്നായി അടച്ചുസൂക്ഷിക്കണം. ആഴ്ചയിലൊരിക്കൽ ഇവയിലെ വെള്ളം പൂർണ്ണമായും ഒഴുക്കിക്കളഞ്ഞ് പാത്രങ്ങളുടെ ഉൾവശം നന്നായി ഉരച്ചുകഴുകണം. ഫ്രിഡ്ജിന് പിറകിലെ ട്രേ, ഇൻഡോർ ചെടികളുടെ ചട്ടികൾ, എയർ കൂളറുകൾ എന്നിവയിലെ വെള്ളം കൃത്യമായ ഇടവേളകളിൽ മാറ്റാൻ ശ്രദ്ധിക്കുക.
കൊതുക് കടിയേൽക്കാതിരിക്കാൻ കൊതുകുവലകൾ ഉപയോഗിക്കുക, കൊതുകുനിരോധന ക്രീമുകൾ പുരട്ടുക, പൂർണ്ണമായും ശരീരം മറയ്ക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. പനി, കടുത്ത ശരീരവേദന, തലവേദന, കണ്ണിനു പിന്നിലെ വേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗസാധ്യത പരിഗണിക്കണം. ഇത്തരം ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സ്വയം ചികിത്സ ഒഴിവാക്കുക, മാത്രമല്ല പനി കുറയാൻ കാത്തിരിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ആശുപത്രിയിലോ എത്രയും വേഗം ചികിത്സ തേടുക.
English Summary:
Kerala Health Department has issued a high alert against dengue fever as intermittent rain and sunny weather. Check the prevention tips and other details.