AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Heavy Rain In Kerala: ‘വെടിക്കെട്ട് മഴ’യുമായി തുലാവര്‍ഷം ഇന്നെത്തും; അകമ്പടി സേവിച്ച് ചക്രവാതച്ചുഴി; പുതിയ ന്യൂനമര്‍ദ്ദം പിന്നാലെ

Northeast Monsoon Kerala Rainfall: തുലാവര്‍ഷം ഇന്ന് എത്തും. കാലവര്‍ഷം വിടവാങ്ങുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ. കാലാവസ്ഥ വകുപ്പിന്റെ പുതിയ മുന്നറിയിപ്പുകള്‍ എന്തൊക്കെയാണെന്ന് അറിയാം

Heavy Rain In Kerala: ‘വെടിക്കെട്ട് മഴ’യുമായി തുലാവര്‍ഷം ഇന്നെത്തും; അകമ്പടി സേവിച്ച് ചക്രവാതച്ചുഴി; പുതിയ ന്യൂനമര്‍ദ്ദം പിന്നാലെ
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 16 Oct 2025 | 11:18 AM

തിരുവനന്തപുരം: കേരളത്തില്‍ ‘കലി’ തുള്ളി തുലാവര്‍ഷം എത്തുന്നു. തുലാവര്‍ഷം ഇന്ന് മുതല്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇക്കാര്യം വൈകാതെ തന്നെ സ്ഥിരീകരിച്ചേക്കും. 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം രാജ്യത്ത് നിന്ന് പൂര്‍ണമായി പിന്‍വാങ്ങുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ ഇന്നലെ ചൂണ്ടിക്കാട്ടിയിരുന്നു. തുലാവര്‍ഷം എത്തിയതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും കാലാവസ്ഥ വകുപ്പ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കാലവര്‍ഷത്തില്‍ നിന്ന് വിഭിന്നമാണ് തുലാവര്‍ഷത്തിലെ സാഹചര്യങ്ങള്‍. ഉച്ചയ്ക്ക് ശേഷമാകും മഴ ആരംഭിക്കുന്നത്.

ഇടിയും, മിന്നലുമാണ് മറ്റ് പ്രത്യേകതകള്‍. അതുകൊണ്ട് തന്നെ കടുത്ത ജാഗ്രത അനിവാര്യമാണ്. ഇടിമിന്നലിന്റെ പ്രാരംഭ ലക്ഷണം കാണുമ്പോള്‍ തന്നെ മുന്‍കരുതലെടുക്കണം. ഇത്തവണ കാലവര്‍ഷവും തകര്‍ത്തു പെയ്‌തെങ്കിലും, മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ ദുരന്തങ്ങളുണ്ടാകാത്തത് ആശ്വാസമായി.

ചക്രവാതചുഴി

തുലാമഴ പെയ്യുന്നത് ഉച്ചയ്ക്ക് ശേഷമാണെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന്‌ രാവിലെ മുതല്‍ മഴ തിമിര്‍ത്ത് പെയ്യുകയാണ്. അറബിക്കടലില്‍ ലക്ഷദ്വീപിന് സമീപം ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് കാരണം. ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍, സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരും.

Also Read: Kerala Rain Alert: മഴ ശക്തി പ്രാപിക്കുന്നു! രണ്ട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; വരും മണിക്കൂറിലും മുന്നറിയിപ്പ്

ഓറഞ്ച് അലര്‍ട്ട്

ഇന്ന് (ഒക്ടോബര്‍ 16) രാവിലെ 10ന് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.ഉച്ചയ്ക്ക് ഒരു മണി വരെയാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ വകുപ്പ് പുറത്തുവിടുന്ന പതിവ് അപ്‌ഡേറ്റില്‍ അലര്‍ട്ടുകള്‍ മാറാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ, കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകള്‍ പിന്തുടരണം. കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ അടുത്ത 7 ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്-വീഡിയോ കാണാം.