Kerala Local Body Election 2025: ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ; പ്രചാരണ ബോർഡിൽ വെക്കരുത്
R Sreelekha IPS Controversy: തെരഞ്ഞെടുപ്പിന്റെ പ്രചാരണ ബോർഡുകളിൽ ആർ ശ്രീലേഖ ഐപിഎസ് എന്നായിരുന്നു ചേർത്തിരുന്നത്...
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്ന മുൻ ഐപിഎസ് ആർ ശ്രീലേഖ വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പിന്റെ പ്രചാരണ ബോർഡുകളിൽ ആർ ശ്രീലേഖ ഐപിഎസ് എന്നായിരുന്നു ചേർത്തിരുന്നത്. എന്നാൽ സംഗതി വിവാദമായതോടെ പ്രചാരണ ബോർഡുകളിൽ നിന്നും ശ്രീലേഖ ഐപിഎസ് എന്നത് തിരുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി.
ആം ആദ്മി പാർട്ടി നൽകിയ പരാതിയിലാണ് നടപടി. ഐപിഎസ് എന്ന പദവി ഇപ്പോൾ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണമുയർന്നതിന് പിന്നാലെ തന്നെ ശ്രീലേഖയുടെ പ്രചാരണ ബോർഡുകളിൽ പലതിൽ നിന്നും പേര് കരിയോയിൽ ഉപയോഗിച്ച് നീക്കം ചെയ്തിരുന്നു. പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത് നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. എന്നാൽ ഐപിഎസ് എന്നത് വെട്ടാതെ മുന്നിൽ റിട്ടയേർഡ് എന്ന് ചേർക്കാനുള്ള നീക്കത്തിലാണ് ബിജെപി എന്നും സൂചന. തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡിലെ സ്ഥാനാർത്ഥിയാണ് ശ്രീലേഖ.
അതേസമയം പ്രചാരണത്തിൽ സജീവമാണ് ശ്രീലേഖ. തന്റെ ഉദ്ദേശം വാർഡിൽ ജയിക്കുക എന്നതാണെന്നും പദവികൾക്ക് ഇപ്പോൾ പ്രാധാന്യമില്ലെന്ന് ശ്രീലേഖ നേരത്തെ പറഞ്ഞിരുന്നു. തനിക്ക് ഇപ്പോഴും യുവത്വമാണെന്നും വളരെ ഉത്സാഹവും ഊർജ്ജവും തോന്നുന്നു. ഐപിഎസ് ആയിരുന്നപ്പോൾ ആളുകൾക്ക് ഉണ്ടായിരുന്ന പേടിയും ബഹുമാനവും ഒന്നും ഇപ്പോൾ ഇല്ലെന്നും, പേടിയില്ലാത്തതാണ് തനിക്ക് ഇഷ്ടമെന്നും ശ്രീലേഖ പറഞ്ഞിരുന്നു.
അതേസമയം കഴിഞ്ഞവർഷം ഒക്ടോബറിലാണ് ശ്രീലേഖ ബിജെപി അംഗത്വം സ്വീകരിച്ചത്. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രനിൽ നിന്നാണ് ശ്രീലേഖ പാർട്ടി അംഗത്വം സ്വീകരിച്ചത്. ചേർത്തല എസ് പി ആയാണ് ശ്രീലേഖ ഔദ്യോഗിക ജീവിതത്തിൽ തുടക്കമിട്ടത്. പത്തനംതിട്ട ആലപ്പുഴ ജില്ലകളിൽ എസ് പി ആയിരുന്നു. കൂടാതെ വിജിലൻസ് ക്രൈംബ്രാഞ്ച് ഡിഐജി,ഐജി, എഡിജിപി എന്നീ ചുമതലകളും വഹിച്ചിരുന്നു. ഫയർഫോഴ്സ് മേധാവിയായിരിക്കുകയാണ് ശ്രീലേഖ സർവീസിൽ നിന്നും വിരമിച്ചത്.