k Padmarajan: എതിരാളികൾ വാജ്‌പേയ്, ജയലളിത, കരുണാനിധി മുതൽ പിണറായി വരെ, 251-ാമത്തെ പത്രിക നൽകി പദ്മരാജൻ
Kerala Local Body Election 2025: ടയർ റീസോളിങ് സ്ഥാപനം നടത്തുന്നതിനാൽ അദ്ദേഹത്തിന്റെ ഇഷ്ട ചിഹ്നം ടയർ ആണ്. പല തിരഞ്ഞെടുപ്പുകളിലായി മീൻ, സൈക്കിൾ, ടെലിഫോൺ, തൊപ്പി, മോതിരം, ബലൂൺ തുടങ്ങിയ ചിഹ്നങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 'തോൽക്കാൻ വേണ്ടി മാത്രം മത്സരിക്കുന്നതിനാലാണ്' ഇദ്ദേഹം 'ഇലക്ഷൻ കിംഗ്' എന്ന പേരിൽ അറിയപ്പെടുന്നത്.
പയ്യന്നൂർ: രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും എതിരേ വരെ മത്സരിക്കാൻ പത്രിക നൽകിയിട്ടുള്ള കെ. പദ്‌മരാജന് തിരഞ്ഞെടുപ്പുകൾ ഒരു പുതുമയല്ല. ഏറ്റവും കൂടുതൽ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന് ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയിട്ടുള്ള ഈ 65-കാരൻ, ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കുഞ്ഞിമംഗലം ഒന്നാം വാർഡിലാണ് നാമനിർദേശ പത്രിക നൽകിയിരിക്കുന്നത്.
പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശിയാണെങ്കിലും കാലങ്ങളായി സേലം മേട്ടൂരിലാണ് പദ്‌മരാജൻ താമസിക്കുന്നത്. അവിടെ ടയർ റീസോളിങ് സ്ഥാപനം നടത്തുകയാണ് ഇദ്ദേഹം. 1988-ൽ തുടങ്ങിയ മത്സര യാത്രയിൽ ഇത് 251-ാമത്തെ പത്രികാ സമർപ്പണമാണ്. പഞ്ചായത്ത് വാർഡ് മുതൽ നിയമസഭാ-പാർലമെന്റ് മണ്ഡലങ്ങൾ വരെയായി തമിഴ്നാട്ടിലടക്കം 175-ഓളം തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച് പദ്‌മരാജൻ തോൽക്കുകയും കെട്ടിവെച്ച കാശ് നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതുവരെയായി ഒരു കോടിയിലേറെ രൂപയാണ് പദ്‌മരാജൻ തിരഞ്ഞെടുപ്പുകൾക്കായി ചെലവിട്ടിരിക്കുന്നത്.
ടയർ റീസോളിങ് സ്ഥാപനം നടത്തുന്നതിനാൽ അദ്ദേഹത്തിന്റെ ഇഷ്ട ചിഹ്നം ടയർ ആണ്. പല തിരഞ്ഞെടുപ്പുകളിലായി മീൻ, സൈക്കിൾ, ടെലിഫോൺ, തൊപ്പി, മോതിരം, ബലൂൺ തുടങ്ങിയ ചിഹ്നങ്ങളും ഉപയോഗിച്ചിട്ടുണ്ട്. ‘തോൽക്കാൻ വേണ്ടി മാത്രം മത്സരിക്കുന്നതിനാലാണ്’ ഇദ്ദേഹം ‘ഇലക്ഷൻ കിംഗ്’ എന്ന പേരിൽ അറിയപ്പെടുന്നത്.
Also read – സിപിഎമ്മിന്റെ പരാതി പാരയായി, കോൺഗ്രസിലെ ഇളമുറക്കാരി വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല
വി.ഐ.പി എതിരാളികൾ
പല പ്രമുഖർക്കെതിരെയും മത്സരിക്കാൻ പദ്‌മരാജൻ പത്രിക സമർപ്പിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രി എ.ബി. വാജ്‌പേയ്, തമിഴ്‌നാട് മുഖ്യമന്ത്രിമാരായിരുന്ന ജയലളിത, കരുണാനിധി, വയലാർ രവി, എ.കെ. ആന്റണി, ബി.എസ്. യെദ്യൂരപ്പ, എസ്.എം. കൃഷ്ണ, പ്രിയങ്കാ ഗാന്ധി, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവരും ഇദ്ദേഹത്തിന്റെ എതിരാളികളായിട്ടുണ്ട്.
കുഞ്ഞിമംഗലം ഗ്രാമപ്പഞ്ചായത്തിലെ ഒന്നാം വാർഡിൽ വെള്ളിയാഴ്ച രാവിലെ സ്വതന്ത്ര സ്ഥാനാർഥിയായാണ് ഇദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചത്. എന്നാൽ കുഞ്ഞിമംഗലം പഞ്ചായത്തിലെ വോട്ടർ അല്ലാത്തതിനാൽ ഇത്തവണയും പത്രിക തള്ളിപ്പോകുമെന്ന് ഉറപ്പാണ്. മാതാപിതാക്കളുടെ നാടുമായുള്ള ബന്ധമാണ് ഇവിടെ മത്സരിക്കുന്നതിന് കാരണമെന്ന് പദ്‌മരാജൻ പറയുന്നു.
ഗിന്നസ് വേൾഡ് റെക്കോഡ് കൂടാതെ, ലിംക ബുക്ക് ഓഫ് റെക്കോഡ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോഡ്‌സ്, ഡൽഹി ബുക്ക് ഓഫ് റെക്കോഡ്‌സ് തുടങ്ങിയ ബഹുമതികളും ഈ കൊമ്പൻമീശക്കാരൻ സ്വന്തമാക്കിയിട്ടുണ്ട്.