Vaishna Suresh: സിപിഎമ്മിന്റെ പരാതി പാരയായി, കോൺഗ്രസിലെ ഇളമുറക്കാരി വൈഷ്ണയ്ക്ക് മത്സരിക്കാനാകില്ല
Kerala Local Body Election 2025: വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ ഹിയറിങ് നടത്തിയ ശേഷമാണ് അധികൃതർ പേര് നീക്കം ചെയ്യാൻ തീരുമാനമെടുത്തത്.
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തുടക്കത്തിൽ തന്നെ തിരിച്ചടി. മുട്ടട വാർഡിലെ കോൺഗ്രസിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ കഴിയാത്തതാണ് പ്രശ്നമായത്. വൈഷ്ണയുടെ പേര് സപ്ലിമെന്ററി വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ അധികൃതർ തീരുമാനിച്ചു. സിപിഎം നൽകിയ പരാതി അംഗീകരിച്ചതിനെ തുടർന്നാണ് നടപടി. കൗൺസിലിലേക്ക് മത്സരിക്കുന്നതിന് കോർപ്പറേഷനിലെ ഏതെങ്കിലും വാർഡിലെ വോട്ടർ പട്ടികയിൽ പേര് ഉണ്ടായിരിക്കണം എന്നതാണ് ചട്ടം. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വൈഷ്ണ സുരേഷിന് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.
നടപടിക്ക് കാരണം
വൈഷ്ണയുടെ വോട്ടർ പട്ടികയിലെ പേര് നീക്കം ചെയ്യാൻ പ്രധാന കാരണം വിലാസം സംബന്ധിച്ച തർക്കമാണ്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ അപേക്ഷയിൽ വൈഷ്ണ രേഖപ്പെടുത്തിയ കെട്ടിടത്തിന്റെ ടിസി നമ്പർ 18/564 ആണ്. എന്നാൽ ഈ നമ്പറിൽ താമസിക്കുന്നത് മറ്റൊരുകുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും അവർ ഇവിടെ വാടകയ്ക്ക് താമസിക്കുന്നില്ലെന്നുമാണ് സിപിഎം ആരോപണം.
വൈഷ്ണയുടെ വാദം
താൻ താമസിക്കുന്ന വീടിന്റെ യഥാർത്ഥ നമ്പർ ടിസി 18/2365 ആണെന്നും, വോട്ടർപട്ടികയിൽ പേരിനൊപ്പം ചേർന്നിരുന്ന നമ്പറാണ് അപേക്ഷയിൽ നൽകിയതെന്നുമാണ് വൈഷ്ണയുടെ വിശദീകരണം. താൻ താമസിക്കുന്ന വീടിന്റെ ശരിയായ നമ്പർ രേഖപ്പെടുത്തിയ സത്യവാങ്മൂലം നൽകിയിട്ടും അധികൃതർ കൈപ്പറ്റിയില്ലെന്നും സ്പീഡ് പോസ്റ്റ് വഴി അപേക്ഷ അയയ്ക്കുകയായിരുന്നെന്നും വൈഷ്ണ പറയുന്നു.
അമ്പലമുക്ക് വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന വൈഷ്ണയുടെ പിതാവിന്റെ കുടുംബവീട് മുട്ടട വാർഡിലാണ്. ഈ മേൽവിലാസമാണ് ഔദ്യോഗിക രേഖകളിലെല്ലാം നൽകിയിട്ടുള്ളത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇതേ വിലാസത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയിരുന്നു.
Also read – ഇന്നത്തെപ്പോലെയല്ല നാളെ…. മഴയുണ്ടോ ? അറിയാം കാലാവസ്ഥാ മുന്നറിയിപ്പ്
വൈഷ്ണയുടെ അപേക്ഷയുടെയും സിപിഎമ്മിന്റെ പരാതിയുടെയും അടിസ്ഥാനത്തിൽ ഹിയറിങ് നടത്തിയ ശേഷമാണ് അധികൃതർ പേര് നീക്കം ചെയ്യാൻ തീരുമാനമെടുത്തത്. വൈഷ്ണയുടെ പേര് വോട്ടർ പട്ടികയിൽനിന്ന് മനഃപൂർവം ഒഴിവാക്കിയതാണോ എന്ന് സംശയിക്കണമെന്നാണ് കോൺഗ്രസിന്റെ ആരോപണം. നടപടിക്കെതിരെ അപ്പീൽ നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
നിലവിൽ, മുട്ടട വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് നിലവിലെ കേശവദാസപുരം കൗൺസിലറായ അംശു വാമദേവൻ ആണ്.