Kerala Local Body Election: ആവേശ തിമിർപ്പിൽ കലാശക്കൊട്ട്; ആദ്യഘട്ടത്തിലെ പരസ്യപ്രചാരണം അവസാനിച്ചു
Kerala Local Body Election Campaign: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് അവസാനിച്ചത്. വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണം ഉൾപ്പെടെ അവസാനഘട്ട പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത് 11ാം തീയതിയാണ്. ശേഷം 13നാണ് വോട്ടെണ്ണൽ.
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ (Kerala Local Body Election) ഏല്ലാ ആവേശവും നിറച്ചുകൊണ്ട് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം അവസാനിച്ചു. ആരവങ്ങളുടെയും ആവേശത്തിൻ്റെയും ആഘോഷത്തിൻ്റെയും നിറവാർന്ന കൊട്ടികലാശമാണ് കഴിഞ്ഞുപോയത്. റോഡ് ഷോകളും റാലികളുമായി സ്ഥാനാർത്ഥികളും പ്രവർത്തകരും ടൗണുകളിലും നഗരങ്ങളിലും നിറഞ്ഞാടുകയായിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് അവസാനിച്ചത്. പ്രമുഖ നേതാക്കൾ ജില്ലകളിലെ പ്രധാന കേന്ദ്രങ്ങളിൽ കലാശക്കൊട്ടിന് നേതൃത്വം നൽകി. നാളെത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം ഒമ്പതാ തീയതിയാണ് ഈ ജില്ലകളിൽ വോട്ടെടുപ്പ് നടക്കുന്നത്.
Also Read: 7 -ജില്ലകളിൽ പരസ്യ പ്രചാരണം തീർന്നാൽ പിന്നെ? അറിയണം
കലാശക്കൊട്ട് സമയത്ത് സംഘർഷം ഒഴിവാക്കുന്നതിനായി മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. അതിന് പുറമെ കലാശക്കൊട്ട് കേന്ദ്രങ്ങളിലും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തമായിരുന്നു. മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത് 11ാം തീയതിയാണ്. ശേഷം 13ന് വോട്ടെണ്ണൽ.
വോട്ടർമാർക്കുള്ള സ്ലിപ്പ് വിതരണം ഉൾപ്പെടെ അവസാനഘട്ട പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായി കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ആവശ്യമായ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള പോളിങ് സാധനങ്ങളുടെ വിതരണം നാളെ രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ആകെ 117 വിതരണ കേന്ദ്രങ്ങളാണുള്ളത്.
തിരുവനന്തപുരം (16), കൊല്ലം (16), പത്തനംതിട്ട (12), ആലപ്പുഴ (18), ഇടുക്കി ( 10), കോട്ടയം (17), എറണാകുളം (28) എന്നിങ്ങനെയാണ് വിതരണ കേന്ദ്രങ്ങളുടെ ജില്ലതിരിച്ചുള്ള കണക്ക്. വിതരണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. വിതരണത്തിന് ആവശ്യമായ കൗണ്ടറുകൾ സജ്ജമാക്കാനും, വിതരണ കേന്ദ്രങ്ങളിൽ കുടിവെള്ളം, ഭക്ഷണം, ചികിത്സാ സഹായം, പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനുള്ള വാഹന സൗകര്യം എന്നിവ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് ഏർപ്പെടുത്തേണ്ടത്.