AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ബുധനാഴ്ച ചെന്നിത്തലയുടെ മൊഴിയെടുക്കും

Ramesh Chennithala's Statement to Be Recorded: ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകൾ അടങ്ങിയ കത്ത് ചെന്നിത്തല നേരത്തെ എസ്ഐടിക്ക് കൈമാറിയിരുന്നു.

Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ബുധനാഴ്ച ചെന്നിത്തലയുടെ മൊഴിയെടുക്കും
Ramesh ChennithalaImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 07 Dec 2025 17:52 PM

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഒരുങ്ങുന്നു. ബുധനാഴ്ച ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തുമെന്നും ഇത് സംബന്ധിച്ച വിവരം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ശബരിമല സ്വർണക്കൊള്ളയെക്കുറിച്ച് ഗുരുതരമായ വെളിപ്പെടുത്തലുകൾ അടങ്ങിയ കത്ത് ചെന്നിത്തല നേരത്തെ എസ്ഐടിക്ക് കൈമാറിയിരുന്നു. പുരാവസ്തുക്കൾ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘമാണ് ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിലെന്ന് തനിക്ക് വിവരം ലഭിച്ചതായും അദ്ദേഹം കത്തിൽ വ്യക്തമാക്കിയിരുന്നു.

കത്ത് ലഭിച്ച കാര്യം എസ്ഐടി സ്ഥിരീകരിക്കുകയും മൊഴി നൽകാൻ ചെന്നിത്തലയോട് ആവശ്യപ്പെടുകയുമായിരുന്നു. ഇതിന് അദ്ദേഹം സമ്മതിച്ചതിനെത്തുടർന്ന് ചെന്നിത്തലയ്ക്ക് സൗകര്യപ്രദമായ സ്ഥലത്തുവെച്ച് എസ്ഐടി മൊഴി രേഖപ്പെടുത്തും.

 

500 കോടിയുടെ ഇടപാട്; നിർണായക വ്യക്തിയെ കൈമാറും

 

ശബരിമലയിലെ സ്വർണപ്പാളിയുമായി ബന്ധപ്പെട്ട് ഏകദേശം 500 കോടിയോളം വരുന്ന ഇടപാടാണ് നടന്നിരിക്കുന്നതെന്നാണ് രമേശ് ചെന്നിത്തലയുടെ അവകാശവാദം. വിവരങ്ങളുടെ വിശ്വാസ്യത താൻ സ്വതന്ത്രമായി പരിശോധിച്ചെന്നും അതിൽ യാഥാർത്ഥ്യമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് എസ്ഐടിക്ക് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൃത്യമായി അറിയാവുന്ന ഒരാളെ തനിക്ക് നേരിട്ട് പരിചയമുണ്ടെന്ന് ചെന്നിത്തല എസ്ഐടിക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ഈ വ്യക്തി വിവരങ്ങൾ പൊതുജനമധ്യത്തിൽ വെളിപ്പെടുത്താൻ തയ്യാറല്ലെങ്കിലും, അന്വേഷണ സംഘവുമായി സഹകരിക്കാനും കോടതിയിൽ മൊഴി നൽകാനും തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. ഈ നിർണായക വ്യക്തി ആരാണെന്ന കാര്യം എസ്ഐടി മൊഴിയെടുക്കുന്നതിലൂടെ ചോദിച്ചറിയും.