Kerala Local Body Election Results: നെഞ്ചിടിപ്പോടെ കേരളം; ആരെല്ലാം വാഴും, വോട്ടെണ്ണൽ ആവേശത്തിൽ സംസ്ഥാനം
Kerala Local Body Election Results 2025: ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോർപേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഓരോ വാർഡുകളുടെയും ക്രമ നമ്പർ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക.
തിരുവനന്തപുരം: കേരളം ഒന്നാകെ ആവേശത്തോടെ കാത്തിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം (Kerala Local Body Election Result) ഇന്ന് പുറത്തുവരും. രാവിലെ എട്ടു മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. എട്ടരയ്ക്കുള്ളിൽ തന്നെ ആദ്യഫലങ്ങൾ വന്നു തുടങ്ങും. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ ഫലങ്ങളാണ് ആദ്യമറിയുക. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുക. 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലായിരിക്കും.
ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലും മുനിസിപ്പാലിറ്റികളുടെയും കോർപേറേഷനുകളുടെയും അതാത് കേന്ദ്രങ്ങളിലും നടക്കുമെന്ന് അധികൃതർ അറിയിച്ചു. ഓരോ വാർഡുകളുടെയും ക്രമ നമ്പർ അനുസരിച്ചായിരിക്കും വോട്ടെണ്ണൽ. തപാൽ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങുക. വരണാധികാരി, ഉപവരണാധികാരി, നിരീക്ഷകർ, സ്ഥാനാർഥികൾ, ഏജന്റുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും സ്‌ട്രോംഗ് റൂം തുറക്കുക.
ALSO READ: ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം, ആദ്യ ഫലസൂചന 8.30ന്; തിരഞ്ഞെടുപ്പ് ഫലം എങ്ങനെ അറിയാം?
ഇക്കഴിഞ്ഞ ഒമ്പത്, 11 തീയതികളിൽ രണ്ടു ഘട്ടങ്ങളിലായി നടത്തിയ തെരഞ്ഞെടുപ്പിൽ ആകെ 73.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. 2.10 കോടിയലധികം പേരാണ് വോട്ട് ചെയ്തത്. ആദ്യ ഘട്ടത്തിലെ 70.91 ശതമാനം പോളിങ്ങും രണ്ടാം ഘട്ടത്തിൽ 76.08 ശതമാനം പോളിംഗുമാണ് രേഖപ്പെടുത്തിയത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണയാണെന്ന് പ്രത്യേകതയുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനങ്ങളിൽ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും മിതത്വം പാലിക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശം. ഡിസംബർ 18 വരെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ട്. പൊതുനിരത്തുകളിലും ജംഗ്ഷനുകളിലും ഗതാഗതത്തിന് തടസ്സമുണ്ടാക്കുകയോ പൊതുജനങ്ങളെ ശല്യപ്പെടുത്തുകയോ ചെയ്യുന്ന രീതിയിൽ ലൗഡ്‌സ്പീക്കർ ഉപയോഗിക്കാൻ പാടില്ല. പടക്കം, വെടിക്കെട്ട് മുതലായവ നിയമാനുസൃതമായി മാത്രമേ ഉപയോഗിക്കുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.