Kerala Rain Alert: കാലവർഷം ഇക്കുറി നേരത്തെയോ?; സംസ്ഥാനത്ത് ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്, കള്ളകടൽ മുന്നറിയിപ്പ്
Kerala Monsoon Arrival: തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് 15ന് രാത്രി (നാളെ) 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.

തിരുവനന്തപരും: സംസ്ഥാനത്ത് ഇക്കുറി കാലവർഷം പതിവിലും മുമ്പേ. കാലവർഷം ആൻഡമാൻ കടലിലെത്തിയതയാണ് സൂചന. ഇതിൻ്റെ പ്രഭാവത്തിൽ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് നാല് ജില്ലകളിലാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത കാണുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് 15ന് രാത്രി (നാളെ) 11.30 വരെ 0.4 മുതൽ 0.8 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്. ഇതേ തുടർന്ന് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.
തെക്കൻ ആൻഡമാൻ കടൽ, വടക്കൻ ആൻഡമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപ് എന്നിവയുടെ ചില മേഖലകളിൽ കാലവർഷം മെയ് 13ഓടെ എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. എന്നാൽ കേരളത്തിൽ മെയ് 27ഓടെ മാത്രമെ കാലവർഷം ശക്തിപ്രാപിക്കുകയുള്ളൂ എന്നാണ് പ്രവചനം. എന്നാൽ ആഡമാൻ കടലിൽ കാലവർഷം എത്തിയതോടെ കേരളത്തിലെ സ്ഥിതിയും മാറിമറിഞ്ഞേക്കാം.