Bus Seat Reservation: സംവരണസീറ്റുകളിൽ ഇരിക്കുമ്പോൾ ശ്രദ്ധിക്കുക, ഉദ്യോഗസ്ഥർ ‘കണ്ടക്ടർ’ വേഷമിടുന്നു
Public Transport Rules: നിയമലംഘനങ്ങൾ നേരിട്ട് പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസുകളിൽ സാധാരണ യാത്രക്കാരായും കണ്ടക്ടർ വേഷത്തിലും ഷാഡോ പരിശോധന നടത്തും.

Private Bus Law Violation
കാക്കനാട്: സ്വകാര്യ ബസുകളിൽ സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായി സംവരണം ചെയ്തിരിക്കുന്ന സീറ്റുകൾ കൈയടക്കി വാഴുന്നവർ ഇനി കുടുങ്ങും. ഇത്തരം നിയമലംഘനങ്ങൾ നേരിട്ട് പിടികൂടാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസുകളിൽ സാധാരണ യാത്രക്കാരായും കണ്ടക്ടർ വേഷത്തിലും ഷാഡോ പരിശോധന നടത്തും. സീറ്റ് വിട്ടുനൽകാത്ത യാത്രക്കാരെ പിഴ അടപ്പിക്കുന്നതിനൊപ്പം ബോധവൽക്കരണ ക്ലാസിലും പങ്കെടുപ്പിക്കും.
സീറ്റ് വിട്ടുനൽകാത്തവരെ എഴുന്നേൽപ്പിക്കാൻ തയ്യാറാകാത്ത കണ്ടക്ടർമാർക്കെതിരെയും പിഴ ചുമത്തും. കഴിഞ്ഞ ആഴ്ച മുതിർന്ന പൗരന്മാർക്കായി സംവരണം ചെയ്ത സീറ്റിൽ ‘പൂച്ചയുറക്കം’ നടിച്ചിരുന്ന യുവാവിനെ എഴുന്നേൽപ്പിക്കാൻ മടിച്ച കണ്ടക്ടർക്ക് 500 രൂപ പിഴയിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എറണാകുളം ആർടിഒ കെ.ആർ. സുരേഷിന്റെ നേതൃത്വത്തിൽ പരിശോധന കടുപ്പിക്കാൻ തീരുമാനിച്ചത്.
കണ്ടക്ടർമാർക്ക് നെയിംപ്ലേറ്റ് നിർബന്ധം
സ്ത്രീകൾക്കും വിദ്യാർത്ഥിനികൾക്കുമെതിരായ അതിക്രമങ്ങൾ തടയുന്നതിന്റെ ഭാഗമായി ബസ് കണ്ടക്ടർമാർക്ക് നെയിംപ്ലേറ്റ് നിർബന്ധമാക്കി. കാക്കി ഷർട്ടിൽ ഇടത് പോക്കറ്റിന് മുകളിലായി പേര് പ്രദർശിപ്പിക്കണം. അതിക്രമം നടത്തുന്ന ജീവനക്കാരെ കൃത്യമായി തിരിച്ചറിയാനും അവർക്കെതിരെ പരാതി നൽകാനും ഇത് യാത്രക്കാരെ സഹായിക്കും. സ്വകാര്യ ബസുകളിൽ കണ്ടക്ടർമാർ മാറിമാറി വരുന്നത് പരാതി നൽകാൻ തടസ്സമാകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം.