Rubber Mission: കേരളത്തിലെ റബ്ബർ നഴ്സറികൾക്ക് ഇത് അഭിമാന നിമിഷം. 8.3 കോടി തൈകളുമായി നമ്മുടെ കർഷകർ
Kerala Nurseries Lead Rubber Expansion in Northeast India: കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 8.3 കോടി തൈകളാണ് കേരളത്തിലെ നഴ്സറികൾ മിഷനായി ഉത്പാദിപ്പിച്ചു നൽകിയത്. ഇതിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ചത് കോട്ടയത്തെ വടക്കേൽ നഴ്സറിയാണ്. വടക്കുകിഴക്കൻ മേഖലയിലെ കഠിനമായ തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ ഇനം റബ്ബറുകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഇതുവരെ RRIM-600 എന്ന ഇനമായിരുന്നു കൃഷി ചെയ്തിരുന്നത്.
കോട്ടയം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ റബ്ബർ കൃഷി വ്യാപിപ്പിക്കുന്നതിനായി ആത്മ ആവിഷ്കരിച്ച നോർത്ത് ഈസ്റ്റ് റബ്ബർ മിഷൻ വിജയകരമായി മുന്നേറുന്നു. ആറ് വർഷത്തിനുള്ളിൽ രണ്ട് ലക്ഷം ഹെക്ടറിൽ റബ്ബർ കൃഷി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ഇതിനോടകം 1.79 ലക്ഷം ഹെക്ടർ പിന്നിട്ടു. ഈ പദ്ധതിയുടെ വലിയൊരു ഗുണഭോക്താക്കളായി മാറിയിരിക്കുകയാണ് കേരളത്തിലെ റബ്ബർ നഴ്സറികൾ. 2020-ലാണ് പശ്ചിമബംഗാളിലും ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമായി രണ്ട് ലക്ഷം ഹെക്ടറിൽ റബ്ബർ എത്തിക്കാൻ മിഷൻ ആരംഭിച്ചത്.
പദ്ധതിക്കാവശ്യമായ ഗുണമേന്മയുള്ള തൈകൾ എത്തിക്കാനുള്ള ചുമതല റബ്ബർ ബോർഡ് നൽകിയത് കേരളത്തിലെ നഴ്സറികൾക്കായിരുന്നു. തുടക്കത്തിൽ കേരളത്തിൽ നിന്ന് ട്രെയിൻ മാർഗമാണ് തൈകൾ എത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അതാത് സംസ്ഥാനങ്ങളിൽ തന്നെ തൈകൾ ഉത്പാദിപ്പിക്കണമെന്ന ബോർഡിന്റെ നിർദ്ദേശത്തെത്തുടർന്ന് കേരളത്തിലെ നഴ്സറികൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഭൂമി വാങ്ങിയും വാടകയ്ക്കെടുത്തും നഴ്സറികൾ ആരംഭിച്ചു.
Also Read – വിഷു വിപണി സജീവം, വില കൂടിയത് ഇവയ്ക്കൊക്കെ
കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 8.3 കോടി തൈകളാണ് കേരളത്തിലെ നഴ്സറികൾ മിഷനായി ഉത്പാദിപ്പിച്ചു നൽകിയത്. ഇതിൽ ഏറ്റവും വലിയ നേട്ടം കൈവരിച്ചത് കോട്ടയത്തെ വടക്കേൽ നഴ്സറിയാണ്. വടക്കുകിഴക്കൻ മേഖലയിലെ കഠിനമായ തണുപ്പിനെ പ്രതിരോധിക്കാൻ ശേഷിയുള്ള പുതിയ ഇനം റബ്ബറുകൾക്കാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ഇതുവരെ RRIM-600 എന്ന ഇനമായിരുന്നു കൃഷി ചെയ്തിരുന്നത്.
മൂന്ന് മാസത്തോളം നീളുന്ന കഠിനമായ തണുപ്പിനെ അതിജീവിക്കാൻ RRII-429 എന്ന ഇനമാണ് അനുയോജ്യമെന്ന് റബ്ബർ ഗവേഷണ കേന്ദ്രം കണ്ടെത്തി. വടക്കേൽ നഴ്സറി ഇതിനോടകം തന്നെ 1.25 ലക്ഷം RRII-429 മാതൃസസ്യങ്ങൾ അവിടെ ഉത്പാദിപ്പിച്ചു കഴിഞ്ഞു. കേരളത്തിലെ നഴ്സറികളുടെ പ്രൊഫഷണലിസവും റബ്ബർ ബോർഡിന്റെ കൃത്യമായ ഇടപെടലുമാണ് വടക്കുകിഴക്കൻ മണ്ണിൽ റബ്ബർ കൃഷിക്ക് ഇത്രയേറെ വേരോട്ടം നൽകിയത്.