Kerala PSC Controversy: ഒളിച്ചുകളി നടക്കില്ല! പരീക്ഷാരേഖകള്‍ പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍; പിഎസ്‌സിക്ക് കനത്ത തിരിച്ചടി
Kerala PSC Controversy Deepens: ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വിവരാവകാശ കമ്മീഷന്റെ പ്രഹരം. ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ റാങ്ക് പട്ടികയിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും ഉത്തരക്കടലാസും, അഭിമുഖത്തിന് ലഭിച്ച മാര്‍ക്കിന്റെ വിശദാംശങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

Kerala Public Service Commission PSC
തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (പിഎസ്‌സി) വിവരാവകാശ കമ്മീഷന്റെ ‘പ്രഹരം’. ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്‌ട്രെക്ചര്‍ റാങ്ക് പട്ടികയിലെ എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും ഉത്തരക്കടലാസും, അഭിമുഖത്തിന് ലഭിച്ച മാര്‍ക്കിന്റെ വിശദാംശങ്ങളും പുറത്തുവിടണമെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. രേഖകള്‍ പുറത്തുവരുമ്പോള്‍ നിയമനവിവാദത്തിലെ ‘ദുരൂഹതകള്‍’ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 10 ഉത്തരങ്ങള്‍ക്ക് മാര്‍ക്കിടാതെയാണ് റാങ്ക് പട്ടിക തയ്യാറാക്കിയതെന്നാണ് ആരോപണം. ഇതിനപ്പുറം എന്തൊക്കെ ക്രമക്കേടുകള്‍ നിയമനവുമായി ബന്ധപ്പെട്ട് നടന്നെന്ന് രേഖകള്‍ പുറത്തുവരുന്നതോടെ വ്യക്തമാകും.
റാങ്ക് പട്ടികയിലുള്ള 10 ഉദ്യോഗാര്‍ത്ഥികളുടെയും ഉത്തരക്കടലാസിന്റെ പകര്‍പ്പും, അഭിമുഖത്തിന് ലഭിച്ച മാര്‍ക്ക് വിവരങ്ങളും ലഭ്യമാക്കണമെന്നാണ് നിര്‍ദ്ദേശം. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവര്‍ക്ക് ഒരാഴ്ചയ്ക്കകം രേഖകള്‍ നല്‍കണമെന്ന് വിവരാവകാശ കമ്മീഷണര്‍ ഡോ. സോണിച്ചന്‍ പി ജോസഫ് ഉത്തരവിട്ടു.
വിവാദ റാങ്ക് പട്ടിക
കഴിഞ്ഞ വര്‍ഷം മെയ് 31-നാണ് റാങ്ക് പട്ടികയിട്ടത്. പരീക്ഷ എഴുതിയവരുടെ മാര്‍ക്ക് എത്രയാണെന്ന് അറിയിച്ചിരുന്നില്ല. ഉത്തരക്കടലാസിന്റെയും, അഭിമുഖത്തിന് നല്‍കിയ മാര്‍ക്കിന്റെയും വിവരങ്ങള്‍ ആരാഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‌സിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഉദ്യോഗാര്‍ത്ഥികള്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
എന്നാല്‍ രേഖകള്‍ വിട്ടുനല്‍കാനാകില്ലെന്നായിരുന്നു പിഎസ്‌സിയുടെ നിലപാട്. ആസൂത്രണ ബോര്‍ഡില്‍ ഇതോടൊപ്പം നടക്കേണ്ട മറ്റ് നിയമനങ്ങള്‍ പൂര്‍ത്തിയായില്ലെന്നും പിഎസ്‌സി വാദിച്ചു. എന്നാല്‍ മറ്റ് നിയമനങ്ങളുടെ പേരില്‍ പുറത്തുവിട്ട റാങ്ക് ലിസ്റ്റിന്റെ വിശദാംശങ്ങള്‍ തടയാനാകില്ലെന്ന് വിവരാവകാശ കമ്മീഷന്‍ നിലപാടെടുത്തു. നിയമന നടപടികളിലെ സുതാര്യത ചോദ്യംചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് പരീക്ഷാ രേഖകള്‍ അടിയന്തിരമായി പുറത്തുവിടാന്‍ സംസ്ഥാന വിവരാകവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.
റാങ്ക് പട്ടികയുടെ നാള്‍വഴികള്‍
- വിജ്ഞാപനം പുറപ്പെടുവിച്ചത് 2022-ല്‍
- ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം, പെര്‍സ്‌പെക്ടീവ് പ്ലാനിങ് വിഭാഗം, പ്ലാനിങ് കോഡിനേഷന്‍ വിഭാഗം എന്നിവയില്‍ ഓരോ ഒഴിവുകള്‍
- 2023 ജൂലൈ 13-ന് പൊതുപ്രാഥമിക പരീക്ഷ നടന്നു.
- രണ്ട് പേപ്പര്‍ വീതമായിരുന്നു പരീക്ഷ. ആദ്യ പേപ്പര്‍ മൂന്ന് വിഭാഗക്കാര്‍ക്കും പൊതുവായത്
- ഒമ്പത് മുതല്‍ 18 വരെയുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ മൂല്യനിര്‍ണയം നടത്തിയില്ലെന്ന് ആരോപണം
- ബാക്കിയുള്ള ഉത്തരങ്ങളുടെ മാര്‍ക്ക്, അഭിമുഖത്തിന്റെ മാര്‍ക്ക് എന്നിവ ചേര്‍ത്ത് റാങ്ക് പട്ടിക പുറത്തുവിട്ടത് 2025 മെയില്‍.
Also Read: Kerala PSC :പി.എസ്.സി പരീക്ഷാ ക്രമക്കേടുകളില്‍ പോലീസ് അന്വേഷണം, നിയമോപദേശം തേടാന്‍ സര്‍ക്കാര്‍
ഒരു വര്‍ഷമായി ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടും പിഎസ്‌സി അത് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് ഇവര്‍ അപ്പീലുമായി വിവരാവകാശ കമ്മീഷനെ സമീപിച്ചത്. വിവരങ്ങള്‍ കൈമാറുന്നതില്‍ പിഎസ്‌സി ഉയര്‍ത്തിയ എതിര്‍പ്പുകള്‍ വിവരാവകാശ കമ്മീഷന്‍ തള്ളി.
വിവാദനിയമനം
- ഇരുനൂറിലേറെ ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, പ്ലാനിങ് കോഡിനേഷന്‍ വിഭാഗങ്ങളില്‍ 2025 ജൂണില്‍ ഒന്നാം റാങ്കുകാര്‍ക്ക് നിയമനം നല്‍കി
- ഒന്നേകാല്‍ ലക്ഷത്തിലേറെ രൂപ ശമ്പളം ലഭിക്കുന്ന തസ്തികകള്‍. നിയമനം നേടിയവരില്‍ ഇടതുസംഘടനാ പ്രവര്‍ത്തകരാണെന്ന് ആരോപണം.
നേരത്തെ ഉദ്യോഗാര്‍ത്ഥി പിഎസ്‌സിയെ സമീപിച്ചപ്പോള്‍ ഒരു ഉത്തരക്കടലാസ് മാത്രമാണ് ലഭിച്ചത്. ഒമ്പത് മുതല്‍ 18 വരെയുള്ള 10 ചോദ്യങ്ങള്‍ മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്ന് അപ്പോഴാണ് കണ്ടെത്തിയത്. ഇതാണ് വിവാദത്തിന് കാരണം. പിഎസ്‌സി ചെയര്‍മാന്‍ ഡോ. എം.ആര്‍. ബൈജുവും രണ്ട് അംഗങ്ങളുമാണ് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഭിമുഖം നടത്തിയത്.
English Summary
The Kerala Information Commission dealt a major setback to the State PSC. It ordered the release of all exam and interview records for a controversial Planning Board post. Candidates had alleged marking irregularities and favoritism. The PSC must now hand over the answer sheets within seven days.