Kerala Rain Alert: ഇന്നും അതിതീവ്ര മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala Rain Alert Today July 20 2025: ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 22-ാം തീയതി വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ നിർദേശം.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിത്രീവ്ര മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ ഇനിയും മഴ ശക്തമാകാനുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലേർട്ടാണ്. കൂടാതെ, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോ മീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യത ഉണ്ട്.
ഇന്ന് ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നൽകിയത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന തിരമാലകൾക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാൽ കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 22-ാം തീയതി വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നാണ് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ നിർദേശം.
നാളെ (ജൂലൈ 21) സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പ് റെഡ് അലേർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 22നും 23നും ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടാണ്.
ALSO READ: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 19കാരന് ദാരുണാന്ത്യം
ജൂലൈ 24-ാം തീയതിയോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാധ്യത ഉണ്ട്. അങ്ങനെ സംഭവിച്ചാൽ സംസ്ഥാനത്ത് വീണ്ടും മഴ കനക്കും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.