Kerala Rain Alert: ഇടിമിന്നലോട്കൂടിയ അതിശക്തമായ മഴ വരുന്നു..! വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala Weather Update: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ സാധ്യത പ്രവചിച്ചു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. കൂടാതെ ചൊവ്വാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. നാളെ രണ്ട് ജില്ലകൾക്ക് നിലവിൽ യെല്ലോ അലർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ ബുധനാഴ്ച നിലവിൽ ഒരു ജില്ലയ്ക്ക് മാത്രമാണ് മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലക്ക് മാത്രമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5മില്ലിമീറ്റർ മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ അധികൃതരുടെ നിർദ്ദേശത്തിന് അനുസരിച്ച് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാനും നിർദ്ദേശം.
അതേസമയം വരുന്ന മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്കാണ് സാധ്യത. ഇന്നലെ മുതൽ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ അറിയിച്ചിരിക്കുന്നത്. ഇടിമിന്നലുകൾ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനുപോലും ആപത്താണ് അതിനാൽ വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക.