മഴ, മണ്ണിടിച്ചിൽ: താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്ക്ക് നിയന്ത്രണം; 6 പ്രധാന പാതകളിൽ ഗതാഗത തടസം
Kerala Rain- Traffic disruption on 6 major routes: കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാത, കുട്ടിക്കാനം- മുണ്ടക്കയം റോഡ്, ആലുവ- മൂന്നാർ റോഡ്, കെകെ റോഡ്, കോഴിക്കോട്-വയനാട് ദേശീയപാത, താമരശേരി ചുരം എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത തടസം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റാന്നി വെള്ളത്തിൽ മുങ്ങിയതോടെ ഈ പ്രദേശത്തെ ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
താമരശേരി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംസ്ഥാനത്തെ റോഡ് ഗതാഗതം പലയിടത്തും താറുമാറായി. കേരളത്തിലെമ്പാടുമായി ആറ് പ്രധാന പാതകളിൽ ഗതാഗതം തടസപ്പെട്ടു. മഴയെത്തുടർന്ന് താമരശേരി ചുരം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പലയിടത്തും ചെറു റോഡുകൾ തകർന്നിട്ടുണ്ട്. കോട്ടയം, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ റോഡുകളിലാണ് പ്രധാനമായും ഗതാഗതം തടസപ്പെട്ടത്. സംസ്ഥാനത്ത് നൂറോളം സ്ഥലങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയത്തും ഇടുക്കിയിലുമായി ഉണ്ടായ വിവിധ ഉരുൾപൊട്ടലുകളിൽ ഇതുവരെ മൂന്ന് മരണം രേഖപ്പെടുത്തപ്പെട്ടു.
ഗതാഗതം തടസപ്പെട്ട പാതകൾ
കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാത, കുട്ടിക്കാനം- മുണ്ടക്കയം റോഡ്, ആലുവ- മൂന്നാർ റോഡ്, കെകെ റോഡ്, കോഴിക്കോട്-വയനാട് ദേശീയപാത, താമരശേരി ചുരം എന്നിവിടങ്ങളിലാണ് പ്രധാനമായും ഗതാഗത തടസം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റാന്നി വെള്ളത്തിൽ മുങ്ങിയതോടെ ഈ പ്രദേശത്തെ ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്.
Also Read: ഉരുൾപൊട്ടൽ: ഇടുക്കിയിലും കോട്ടയത്തുമായി മൂന്ന് മരണം, മൂഴിയാർ ഡാം ഭാഗികമായി തുറന്നു
താമരശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം
താമരശ്ശേരി ചുരത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യുന്നതിനാൽ താഴ്വരയിലേക്കും റോഡിലേക്കും കല്ലുകളും മരങ്ങളും പതിക്കാൻ വലിയ സാധ്യത കണക്കിലെടുത്താണ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. വയനാട് ജില്ലയിൽ മഴ അതിശക്തമായതിനെത്തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു.
ചുരത്തിലൂടെ നിലവിൽ അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി നൽകുക. അപകടസാധ്യത കണക്കിലെടുത്ത് ചുരത്തിലെ പാർക്കിങ്ങുകൾ പൂർണമായും ഒഴിവാക്കണം. വയനാട് ജില്ലയിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കാൻ കളക്ടർ നിർദേശിച്ചു. ചുരത്തിൽ ഭാരവാഹനങ്ങൾക്കും വിനോദസഞ്ചാരികൾക്കും നിയന്ത്രണമുണ്ടാകുമെന്നും കളക്ടർ വ്യക്തമാക്കി.
വഴിതിരിച്ചുവിട്ടു
ശക്തമായ മഴയെ തുടർന്ന് കോഴിക്കോട്-വയനാട് ദേശീയപാതയിൽ ഈങ്ങാപ്പുഴ ഭാഗത്തെ ഗതാഗതം പൂർണമായും നിലച്ചു. വയനാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കൈതപ്പൊയിൽ-നോളജ് സിറ്റി-കോടഞ്ചേരി വഴിയാണ് നിലവിൽ തിരിച്ചുവിടുന്നത്. കോഴിക്കോട് ഭാഗത്ത് നിന്ന് വയനാട്ടിലേക്ക് പോകുന്ന വാഹനങ്ങൾ താമരശ്ശേരി-കൂടത്തായി-മൈക്കാവ്-കോടഞ്ചേരി വഴിയുള്ള ബദൽ പാത ഉപയോഗിക്കണമെന്നാണ് നിർദേശം.
പൊന്മുടിയിൽ ഗതാഗതം നിലച്ചു
തിരുവനന്തപുരം പൊന്മുടിയിൽ പന്ത്രണ്ടാം വളവിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണ്ണും അവശിഷ്ടങ്ങളും ഒലിച്ച് ഒൻപതാം വളവ് വരെ എത്തുകയും റോഡിന്റെ വശങ്ങൾ ഇടിയുകയും ചെയ്തു. ഇതോടെ പൊന്മുടിയിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിലച്ചു. ഇനിയും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ പൊന്മുടിയിലേക്കുള്ള യാത്രയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
കൊച്ചി-ധനുഷ്കോടി ദേശീയപാത
ഇടുക്കിയിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയുൾപ്പെടെയുള്ള പ്രധാന റോഡുകളിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും കാരണം ഗതാഗതം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. ആലുവ മൂന്നാർ റോഡിൽ അടിമാലി മച്ചിപ്ലാവിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞു. മൂന്നാറിലേക്കുള്ള വഴിയിൽ നിലവിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കൊട്ടാരക്കര ദിണ്ഡിഗൽ ദേശീയ പാതയിൽ മണ്ണിടിഞ്ഞുവീണ് ഗാതാഗതം പൂർണ്ണമായും തടസപ്പെട്ടു. കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയിലും മുറിഞ്ഞപുഴയിലും മണ്ണിടിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം-ചെങ്കോട്ട പാതയിലെ കുളത്തൂപ്പുഴ 30 അടി പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും മലയോര ഹൈവേ സ്തംഭിക്കുകയും ചെയ്തു. കോട്ടയത്ത് മണിമലയാറിൻ്റെ കൈവഴി നിറഞ്ഞ് കുട്ടിക്കൽ റോഡിൽ ഗതാഗതം മുടങ്ങി. മൂന്നിലവ് വലിയമംഗലം ഭാഗത്ത് ഗതാഗതവും സ്തംഭിച്ചിട്ടുണ്ട്. കൂട്ടിക്കൽ ചപ്പാത്ത്, കോസ്‌വേ, പഞ്ചായത്ത് ഓഫീസ് പടി, ഇടമരുക്- വാകക്കാട് റോഡ്, ഇടമറുക്- പൈകടപ്പീടിക റോഡ്, പൂഞ്ഞാർ പള്ളിവാതിൽ തുടങ്ങി കോട്ടയത്തെ നിരവധി പ്രാദേശിക റോഡുകളിലും ഗാതാഗതം തടസപ്പെട്ടു.
English Summary
Heavy rains and landslides have disrupted road traffic in many places in the state. Traffic disruptions have been reported mainly on the Kottarakkara-Dindigal National Highway, Kuttikkanam-Mundakkayam Road, Aluva-Munnar Road, KK Road, Kozhikode-Wayanad National Highway and Thamarassery Pass. With the Ranni River submerged in water, traffic in this area has come to a complete standstill.