Kerala school holiday : മഴക്കെടുതികൾ അവസാനിച്ചില്ല, നാളെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി, പരീക്ഷകൾക്ക് മാറ്റമില്ല
Kerala rain school holiday: കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ അവധി നൽകിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി.
ആലപ്പുഴ: മഴ കുറഞ്ഞിട്ടും കുട്ടനാട് താലൂക്കിലെ മഴക്കെടുതികൾ കുറഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലാണ് അവധി പ്രഖ്യാപിച്ചത്.
കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ അവധി നൽകിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും അധികൃതർ അറിയിച്ചു.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച്, ഇന്നും നാളെയും കേരളത്തിൽ വ്യാപകമായ ഇടിയോട് കൂടിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടാതെ, ജൂൺ 22, 23, 24, 25 തീയതികളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 40-50 കി.മീ വേഗതയിൽ ശക്തമായ ഉപരിതല കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേരളത്തിൽ 60% അധിക മഴ ലഭിച്ചിട്ടുണ്ടെങ്കിലും, ജൂൺ മാസത്തിലെ മൊത്തം മഴയിൽ ഇതുവരെ 3% കുറവുണ്ട്. എന്നിരുന്നാലും, വരും ദിവസങ്ങളിലും കാലാവസ്ഥയിൽ വ്യതിയാനങ്ങൾ ഉണ്ടാകാനും കനത്ത മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, ഗതാഗത തടസ്സങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.