Ration Card Update: റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം, അവസാന തീയതി നാളെയാണേ….
Kerala Ration Card Priority Application 2026: മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു. നിലവിലുള്ള 2017ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് നീക്കം. നാലുചക്ര വാഹനം, വീടിന്‍റെ വിസ്തീർണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ്.
സംസ്ഥാനത്തെ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് മുൻഗണനാ റേഷൻ കാർഡുകൾക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നാളെ. ആദ്യം ജൂലൈ 17 വരെയായിരുന്നു സമയപരിധി നൽകിയത്. എന്നാൽ തുടർന്ന് 20 വരെ നീട്ടുകയായിരുന്നു. ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം (വെള്ള, നീല) റേഷൻ കാർഡുകൾ പി എച്ച് എച്ച് വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരംമാറ്റാനായി ഈ അവസരം വിനിയോഗിക്കാം. അർഹരായ കാർഡുടമകൾ ബന്ധപ്പെട്ട രേഖകൾ സഹിതം അക്ഷയ കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in ) മുഖേനയോ ഓൺലൈൻ ആയി അപേക്ഷിക്കേണ്ടതാണ്.
ആർക്കൊക്കെ അപേക്ഷിക്കാം?
- മുൻഗണനാ കാർഡുകൾ പൂർണ്ണമായും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ കുടുംബങ്ങൾക്ക് മാത്രമായുള്ളതാണ്.
- അർബുദം, വൃക്കരോഗം, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ അംഗങ്ങളായുള്ള കുടുംബങ്ങൾ.
- ആശ്രയമില്ലാത്ത സ്ത്രീകൾ ഗൃഹനാഥമാരായ കുടുംബങ്ങൾ.
- കടുത്ത ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളോ മുതിർന്നവരോ ഉള്ള കുടുംബങ്ങൾ.
- സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം കൈപ്പറ്റുന്ന അതിദരിദ്ര വിഭാഗങ്ങൾ.
ആരെല്ലാം ഒഴിവാക്കും?
സ്വന്തമായി നാലുചക്ര വാഹനമുള്ളവർ (ടാക്സി ഒഴികെ), കുടുംബത്തിൽ ആരെങ്കിലും സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാരായോ ഇൻകം ടാക്സ് ഒടുക്കുന്നവരായോ ഉള്ളവർ, വിദേശത്ത് നല്ല ജോലിയുള്ളവർ, ഒരേക്കറിലധികം പുരയിടം സ്വന്തമായുള്ളവർ എന്നിവർക്ക് മുൻഗണനാ റേഷൻ കാർഡിന് അപേക്ഷിക്കാൻ കഴിയില്ല.
ALSO READ: പച്ചക്കറി വാങ്ങിയാൽ പോക്കറ്റ് കാലി! റെക്കോർഡിട്ട് ഇഞ്ചി വില
അപേക്ഷിക്കേണ്ട വിധവും ആവശ്യമായ രേഖകളും
- നിങ്ങളുടെ തൊട്ടടുത്തുള്ള അക്ഷയ കേന്ദ്രം വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- ആവശ്യമായ രേഖകളുമായി അക്ഷയ കേന്ദ്രത്തിൽ എത്തിയാൽ അവർ സിവിൽ സപ്ലൈസിൻ്റെ പോർട്ടൽ വഴി കൃത്യമായി അപേക്ഷ നൽകി അതിൻ്റെ രസീത് നിങ്ങൾക്ക് നൽകുന്നതാണ്.
- മുൻഗണന കാർഡുകൾ ആവശ്യമുള്ള വ്യക്തികൾ പറഞ്ഞ തീയതിക്കകം അപേക്ഷിക്കേണ്ടതാണ്.
- നിങ്ങൾക്ക് കമ്പ്യൂട്ടർ/ഇന്റർനെറ്റ് സൗകര്യമുണ്ടെങ്കിൽ സിവിൽ സപ്ലൈസ് വകുപ്പിൻ്റെ ഔദ്യോഗിക പോർട്ടലായ ecitizen.civilsupplieskerala.gov.in വഴി ലോഗിൻ ചെയ്ത് അപേക്ഷ നൽകാം.
- ‘ലഭ്യമായ സേവനങ്ങൾ’ എന്ന സെക്ഷനിൽ നിന്ന് ‘മുൻഗണനാ കാർഡിലേക്കുള്ള മാറ്റം’ (Change to Priority) തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്.
- നിലവിലുള്ള റേഷൻ കാർഡിന്റെ പകർപ്പ്, വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസറിൽ നിന്നും ലഭിക്കുന്നത്), കുടുംബാംഗങ്ങളുടെ ആധാർ കാർഡ് പകർപ്പുകൾ, പ്രത്യേക ആനുകൂല്യത്തിന് അർഹതയുണ്ടെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ എന്നിവയാണ് ആവശ്യമായ രേഖകൾ.
മാനദണ്ഡങ്ങളിൽ മാറും
മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു. മാനദണ്ഡങ്ങൾ പുതുക്കി റിപ്പോർട്ട് നൽകാൻ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. നിലവിലുള്ള 2017ലെ ഉത്തരവിൽ ഭേദഗതി വരുത്താനാണ് നീക്കം. നാലുചക്ര വാഹനം, വീടിന്‍റെ വിസ്തീർണം, ഭൂവിസ്തൃതി എന്നീ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റം ആവശ്യമുണ്ടോ എന്ന് പരിശോധിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ്.
കൂടാതെ, ആദിവാസി – ഗോത്രവര്‍ഗ ഉന്നതികളില്‍, സഞ്ചരിക്കുന്ന റേഷന്‍കട വഴി റേഷന്‍ ധാന്യം എത്തിച്ചുനല്‍കുന്ന പദ്ധതിയുടെ സാധ്യതാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍-കോളേജ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ ക്ലബ്ബുകളുടെ നിലവിലുള്ള പ്രവര്‍ത്തന രീതി വിലയിരുത്തി.
2017ലെ ഉത്തരവ് പ്രകാരം ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ ഉള്ളവർ, കുടുംബത്തിൽ ഒരേക്കറിലധികം ഭൂമിയുള്ളവർ എന്നിവർക്ക് മുൻഗണന റേഷൻ കാർഡിന് അർഹതയില്ല. എന്നാൽ, ഈ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ദീർഘകാലമായി ഉയർന്നിരുന്നു.
English Summary:
The deadline for ration card holders in the state to apply for Priority Ration Cards is tomorrow. The application deadline was originally set for July 17, but the government later extended it until July 20 to give eligible beneficiaries additional time to submit their applications.