Temples Offering Price Hike: ക്ഷേത്രങ്ങളിലെ വഴിപാട് നിരക്കുകൾ വർധിപ്പിക്കും, ഈ ആഴ്ച മുതൽ പ്രാബല്യത്തിൽ; ശബരിമലയിൽ മാറ്റമില്ല
Kerala Temples Offering Price Hike: വഴിപാടുകളുടെ നിരക്ക് 30 ശതമാനമായി വർധിപ്പിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ശബരിമല ക്ഷേത്രത്തിൽ വഴിപാട് നിരക്കുകളിലെ വർധന ബാധകമല്ലെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി. നിലവിൽ ഒൻപത് വർഷത്തിന് ശേഷമാണ് ഇപ്പോൾ വഴിപാട് നിരക്കിൽ വർധന നടപ്പാക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും വഴിപാട് നിരക്കുകളിൽ വർദ്ധന. വഴിപാടുകൾക്കായി ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വിലയിലുണ്ടായ വർദ്ധനവാണ് ഇപ്പോഴത്തെ നിരക്കിൽ മാറ്റം വരാൻ കാരണമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
വഴിപാടുകളുടെ നിരക്ക് 30 ശതമാനമായി വർധിപ്പിക്കാനാണ് ദേവസ്വം ബോർഡ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ, ശബരിമല ക്ഷേത്രത്തിൽ വഴിപാട് നിരക്കുകളിലെ വർധന ബാധകമല്ലെന്നും ബോർഡ് അധികൃതർ വ്യക്തമാക്കി. പുനരേകീകരണ കമ്മിറ്റി ക്രോഡീകരിച്ച നിരക്കുകൾ ഓംബുഡ്‌സ്മാന്റെ ശുപാർശയും ഹൈക്കോടതിയുടെ അംഗീകാരത്തോടെയുമാണ് നടപ്പാക്കുന്നതെന്നും പ്രശാന്ത് പറഞ്ഞു.
ദേവസ്വം ബോർഡിന് കീഴിലുള്ള ജീവനക്കാരുടെ ശമ്പളം, പെൻഷൻ തുടങ്ങി വിവിധ ആനുകൂല്യങ്ങൾക്കായി 2016ലെ ചെലവ് 380 കോടി രൂപയായിരുന്നു. 2025ൽ അത് 910 കോടിയായി വർധിച്ചെന്നും പ്രശാന്ത് പറഞ്ഞു. സാധാരണയായി ക്ഷേത്രങ്ങളിൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും വഴിപാട് നിരക്കുകൾ വർധിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ 2016ന് ശേഷം പ്രളയവും കോവിഡ് മഹാമാരിയും മൂലം ഈ രീതി തുടർന്നില്ല. നിലവിൽ ഒൻപത് വർഷത്തിന് ശേഷമാണ് ഇപ്പോൾ വഴിപാട് നിരക്കിൽ വർധന നടപ്പാക്കുന്നത്.
കൂടാതെ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്തുകൾ ചടങ്ങുകൾക്ക് മാത്രമായി ചുരുക്കാനും ബോർഡ് ആലോചന നടത്തുന്നുണ്ട്. ഇക്കാര്യം തന്ത്രിമാരുമായി ചർച്ച നടത്തിയശേഷം സർക്കാർ അഭിപ്രായം കൂടി കണക്കിലെടുത്ത് തീരുമാനം നടപ്പാക്കുമെന്നാണ് ബോർഡ് അറിയിച്ചിരിക്കുന്നത്. ശബരിമലയിലെ തിരക്ക് കുറയ്ക്കാനുള്ള നടപടിയും ഉണ്ടാകും. അടുത്ത മാസം മുതൽ ശബരിമല ദർശനത്തിന് പുതിയ രീതികൾ പരീക്ഷിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.