Kerala Weather Update: കനലായി കേരളം! സൂര്യാതപമേറ്റത് മൂന്ന് പേർക്ക്; ആശ്വാസമായി മഴ എത്തുമോ?
Kerala Heatwave Alert: പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട് ചെയ്തത്. വിവിധ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട: സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിലായി മൂന്ന് പേർക്കാണ് ഇന്ന് സൂര്യാതപമേറ്റത്. പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലായാണ് മൂന്ന് പേർക്ക് സൂര്യാതപമേറ്റതായി റിപ്പോർട്ട് ചെയ്തത്. വിവിധ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് താപനിലാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മാർച്ച് 11 ന് തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും മലപ്പുറം, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയുമാണ് മുന്നറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഉയർന്ന താപനില 35°C വരെയും, വയനാട്, കൊല്ലം ജില്ലകളിൽ 34°C വരെയും, തിരുവനന്തപുരം ജില്ലയിൽ 33 °C വരെയും, ഇടുക്കി ജില്ലയിൽ 32 °C വരെയും (സാധാരണയെക്കാൾ 2 – 3°C കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. ഇന്ന് കേരള തീരത്ത് മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കന്യാകുമാരി തീരത്ത് കള്ളക്കടൽ മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്. നാളെ മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. കടുത്ത വേനലിനിടെയാണ് ആശ്വാസമായി മഴയെത്തുന്നത്.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.