Kerala Wind Warning: മഴ മാത്രമല്ല, വരുന്നത് ശക്തമായ കാറ്റും; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
Kerala Wind Alert: വൈദ്യുതി പോസ്റ്റുകള്‍, കമ്പികള്‍ എന്നിവ പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ ട്രോള്‍ റൂമിലോ, അല്ലെങ്കില്‍ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. മഴയും കാറ്റും ശക്തമാകുമ്പോള്‍ നിര്‍മ്മാണത്തൊഴിലാളികള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും (ഓഗസ്ത് 28) നാളെയും (ഓഗസ്ത് 29) ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മരങ്ങള്‍ കടപുഴകി അപകടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മരങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുതെന്നും, വാഹനങ്ങള്‍ അവിടെ പാര്‍ക്ക് ചെയ്യരുതെന്നും അതോറിറ്റി നിര്‍ദ്ദേശിച്ചു.
അപകടകരമായ രീതിയിലുള്ള മരങ്ങള്‍ പൊതുസ്ഥലങ്ങളില്‍ കണ്ടാല്‍ തദ്ദേശ സ്ഥാപനങ്ങളെ വിവരമറിയിക്കണം. അപകടാവസ്ഥയില്‍ വീട്ടുവളപ്പിലുള്ള മരങ്ങളുടെ ചില്ലകള്‍ വെട്ടിയൊതുക്കണം. കൊടിമരങ്ങള്‍, ഉറപ്പില്ലാത്ത പരസ്യ ബോര്‍ഡുകള്‍ തുടങ്ങിയവ മഴയും കാറ്റുമില്ലാത്തപ്പോള്‍ ശരിയായ രീതിയില്‍ ബലപ്പെടുത്തണം. അല്ലെങ്കില്‍ അഴിച്ചുവയ്ക്കണം. മഴയും കാറ്റുമുള്ള സമയത്ത് ഇവയുടെ അടുത്ത് നില്‍ക്കരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ചാരി വച്ചിട്ടുള്ള കോണി പോലെയുള്ള കാറ്റില്‍ വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കയറുപയോഗിച്ച് കെട്ടിവയ്ക്കണം. ജനാലകള്‍, വാതിലുകള്‍ എന്നിവ കാറ്റ് വീശാന്‍ തുടങ്ങുമ്പോള്‍ അടച്ചിടണം. വാതിലുകളുടെയും, ജനാലകളുടെയും അടുത്തും, വീടിന്റെ ടെറസിലും നില്‍ക്കുന്നത് ഒഴിവാക്കണം.




അടച്ചുറപ്പില്ലാത്ത കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ മുന്നറിയിപ്പുകള്‍ വരുമ്പോള്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നപ്രകാരം സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറിത്താമസിക്കണം. വൈദ്യുതി പോസ്റ്റുകള്‍, കമ്പികള്‍ എന്നിവ പൊട്ടിവീഴുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കെഎസ്ഇബിയുടെ 1912 എന്ന കണ്‍ ട്രോള്‍ റൂമിലോ, അല്ലെങ്കില്‍ 1077 എന്ന നമ്പറിലോ വിവരം അറിയിക്കണം. മഴയും കാറ്റും ശക്തമാകുമ്പോള്‍ നിര്‍മ്മാണത്തൊഴിലാളികള്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം. കൃഷിയിടങ്ങളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു