Kerala Weather Alert: ചുട്ടുപഴുത്ത് കേരളം, ആശ്വാസമഴ എപ്പോൾ?; കരുതിയിരിക്കാം സൂര്യഘാതത്തെ
Kerala Weather Alert Today Latest Update: കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലകളിൽ ഉൾപ്പെടെ നേരിയ മഴ ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രാത്രികാലങ്ങളിലും അന്തരീക്ഷത്തിൽ ചൂട് തങ്ങിനിൽക്കുന്ന ഉഷ്ണതരംഗത്തിന് സമാനമായ അവസ്ഥയും ചിലയിടങ്ങളിൽ അനുഭവപ്പെടുന്നുണ്ട്.
തിരുവനന്തപുരം: കനത്ത ചൂടിൽ വെന്തുരികി കേരളക്കര. ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം ജില്ലകളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലകളിൽ ഉൾപ്പെടെ നേരിയ മഴ ലഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. രാത്രികാലങ്ങളിലും അന്തരീക്ഷത്തിൽ ചൂട് തങ്ങിനിൽക്കുന്ന ഉഷ്ണതരംഗത്തിന് സമാനമായ അവസ്ഥയും ചിലയിടങ്ങളിൽ അനുഭവപ്പെടുന്നുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് ഒരു ജില്ലയിലും മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല.
മഴ മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ തന്നെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മുന്നറിയിപ്പുള്ള മേഖലകളിൽ മത്സ്യബന്ധനത്തിന് പോകരുത്.
ALSO READ: കുടയെടുത്തോ… കൊടുംചൂടല്ല, ഇനി മഴയോട് മഴ; ഇന്നത്തെ കാലാവസ്ഥ
സംസ്ഥാനത്തെെ കനത്ത ചൂട് കണക്കിലെടുത്ത് ആരോഗ്യവകുപ്പ് കർശന നിർദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ഓരോ മണിക്കൂർ ഇടവിട്ട് ശുദ്ധജലം കുടിച്ചുകൊണ്ടേയിരിക്കുക. രാവിലെ 11 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കുക. ഈ സമയത്ത് പുറംജോലികളിൽ ഏർപ്പെടുന്നവർ അത് ഒഴിവാക്കണം. പഴവർഗ്ഗങ്ങളും ജ്യൂസുകളും ശീലമാക്കുക.
പകൽ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതായിരിക്കും ഉചിതം. യാത്രകളിലും മറ്റും ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക. മദ്യം, ചായ, കാപ്പി അടങ്ങിയ പാനീയങ്ങൾ കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ ഒഴിവാക്കുക. കാരണം ഇവ നിർജ്ജലീകരണത്തിന് കാരണമാകും. കുട്ടികളിലും പ്രായമായവരിലും ചൂട് ഏൽക്കാനുള്ള സാധ്യത കൂടുതലാണ്. അവരെ ഉച്ച സമയത്ത് പുറത്തിറക്കാതിരിക്കാൻ ശ്രദ്ധിക്കുക.