Kerala Rain alert : വീണ്ടും പച്ചപിടിച്ച് മഴമുന്നറിയിപ്പ്, ഈ ജില്ലക്കാർ ഒന്നു ശ്രദ്ധിക്കുക
Heavy cold and light rain : ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ഈ ശൈത്യകാലത്ത് മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവരും താമസിക്കുന്നവരും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു

Rain
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിനിന്നതോടെ കൊടും തണുപ്പ് ജനജീവിതത്തെ ബാധിക്കുന്നു. സാധാരണ വർഷങ്ങളേക്കാൾ നേരത്തെ എത്തിയ ശൈത്യം വരും മാസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഫെബ്രുവരി വരെ ഈ സാഹചര്യം തുടരാനാണ് സാധ്യത. എങ്കിലും വരും ദിവസങ്ങളിൽ മഴയ്ക്കുള്ള സാധ്യത ഇപ്പോൾ തെളിയുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു. പുതിയ റിപ്പോർട്ട് പ്രകാരം അടുത്ത മൂന്ന് ദിവസം മഴയ്ക്ക് ഒട്ടും സാധ്യതയില്ല. എന്നാൽ ഡിസംബർ 29, 30 തീയതികളിൽ തെക്കൻ കേരളത്തിൽ നേരിയ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നു.
ഡിസംബർ 29- ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ 30 – നാകട്ടെ തെക്കൻ ജില്ലകൾക്ക് പുറമെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും ലക്ഷദ്വീപിലും നേരിയ മഴ ലഭിച്ചേക്കാം. തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ വരും ദിവസങ്ങളിലും മഴയില്ലാത്ത തെളിഞ്ഞ കാലാവസ്ഥയും രാത്രികാലങ്ങളിൽ കഠിനമായ തണുപ്പും തുടരും.
ALSO READ: വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി; ആദിവാസിയായ മാരനെ കൊന്ന കടുവയെന്ന് സ്ഥിരീകരണം
നിലവിൽ സംസ്ഥാനത്ത് എവിടെയും പ്രത്യേക മഴ മുന്നറിയിപ്പുകളോ നൽകിയിട്ടില്ല. എങ്കിലും ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ഈ ശൈത്യകാലത്ത് മലയോര മേഖലകളിൽ യാത്ര ചെയ്യുന്നവരും താമസിക്കുന്നവരും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു
വരണ്ട കാലാവസ്ഥ
ഡിസംബർ 26 മുതൽ 28 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയില്ലാത്ത വരണ്ട കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ തുടർച്ചയായ നാലാം ദിവസവും താപനില മൈനസ് ഒരു ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വൈകുന്നേരം 5 മണി മുതൽ തന്നെ ഇവിടെ അതിശൈത്യം ആരംഭിക്കുന്നുണ്ട്.
വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളിൽ അതിശൈത്യം ജനങ്ങളെ വലയ്ക്കുന്നുണ്ട്. എന്നാൽ തണുപ്പ് ആസ്വദിക്കാൻ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.