Kerala Weather Update: വരുന്നത് ഇടിമിന്നലോടുകൂടിയ മഴ, ജാഗ്രത അനിവാര്യം; കള്ളക്കടല്‍ പ്രതിഭാസത്തിനും ഇന്ന് സാധ്യത; കാലാവസ്ഥ മുന്നറിയിപ്പ്
Central Meteorological Department Warning: ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ജനലും വാതിലും അടച്ചിടണം. ജനലിനും വാതിലിനും സമീപം നില്‍ക്കരുത്. ഭിത്തിയിലോ തറയിലോ തൊടാതിരിക്കാന്‍ ശ്രമിക്കണം. വൈദ്യുതോപകരണങ്ങള്‍ ഇടിമിന്നല്‍ സമയത്ത് ഉപയോഗിക്കരുതെന്നും നിര്‍ദ്ദേശം

സംസ്ഥാനത്ത് ഇന്ന് മുതല്‍ 13 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളില്‍ നേരിയ മഴയ്ക്കാണ് സാധ്യതയെന്നാണ് നേരത്തെ പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം.
ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുത്. ജനലും വാതിലും അടച്ചിടണം. ജനലിനും വാതിലിനും സമീപം നില്‍ക്കരുത്. ഭിത്തിയിലോ തറയിലോ തൊടാതിരിക്കാന്‍ ശ്രമിക്കണം. വൈദ്യുതോപകരണങ്ങള്‍ ഇടിമിന്നല്‍ സമയത്ത് ഉപയോഗിക്കരുത്. ഉപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വേണം. ടെലഫോണ്‍ ഉപയോഗിക്കരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാം. മരങ്ങളുടെ ചുവട്ടിലും നില്‍ക്കരുത്. മരച്ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.




ഇന്ന് രാവിലെ 8.30 മുതല്‍ നാളെ വൈകുന്നേരം 5.30 വരെ കന്യാകുമാരി തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി 1.2 മുതൽ 1.3 മീറ്റർ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാം.
തിരുവനന്തപുരം ജില്ലയിൽ കാപ്പിൽ മുതൽ പൂവാർ വരെ നാളെ രാത്രി 9.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ട്. 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കാണ് സാധ്യത. കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതല്‍ ഇടവ വരെയും മുന്നറിയിപ്പ് നിലനില്‍ക്കുന്നു. കടല്‍ക്ഷോഭത്തിന് സാധ്യതയുള്ള പ്രദേശങ്ങളില്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത് അനുസരിച്ച് മാറി താമസിക്കണം.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. തെക്കന്‍ കേരള തീരത്ത് ശക്തമായ കാറ്റിനും മോശമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.