A Padmakumar: ‘എസ്ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ല’; നേതാക്കൾ വീട്ടിലെത്തിയത് അനുവാദം വാങ്ങാതെയെന്ന് പത്മകുമാർ
BJP Leaders Meets Padmakumar: താൻ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു ബിജെപി ജില്ലാ പ്രസിഡൻ്റും മറ്റൊരാളും എത്തിയതെന്നും തന്റെ അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയതെന്നും പത്മകുമാർ പറഞ്ഞു. താൻ ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡൻറ് വി എ സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കെ വ്യക്തമാക്കി.

പത്തനംതിട്ട: കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ എ പത്മകുമാറിന്റെ പരസ്യമായ ഇറങ്ങിപ്പോക്കലും പിന്നീടുണ്ടായ വിവാദങ്ങളും വലിയ രീതിയിലുള്ള ചർച്ചയ്ക്കാണ് വഴിവച്ചത്. ഇതിനു പിന്നാലെ സിപിഎമ്മുമായി ഇടഞ്ഞ പത്മകുമാറിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് കഴിഞ്ഞ ദിവസം തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. തുടർന്ന് ബിജെപി നേതാക്കള്‍ പദ്മകുമാറിൻെ വീട്ടിലെത്തിയിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെയാണ് നേതാക്കൾ വീട്ടിലെത്തിയത്. ജില്ലാ പ്രസിഡന്റ് വി.എ. സൂരജ്, ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ് എന്നിവരാണ് വീട്ടിലെത്തിയത്. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് വീട്ടിലെത്തിയത് . 15 മിനിറ്റിന് ചിലവാക്കിയാണ് ഇവർ ഇവിടെ നിന്ന് മടങ്ങിയത്. എന്നാൽ പ്രതികരണത്തിന് ബിജെപി നേതാക്കൾ തയ്യാറായില്ല. എന്നാൽ സംഭവത്തിൽ പ്രതികരിച്ച് പത്മകുമാർ രംഗത്ത് എത്തി. എസ്‌ഡിപിഐയിൽ ചേർന്നാലും ബിജെപിയിൽ ചേരില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. താൻ വീട്ടിൽ ഇല്ലാത്ത സമയത്തായിരുന്നു ബിജെപി ജില്ലാ പ്രസിഡൻ്റും മറ്റൊരാളും എത്തിയതെന്നും തന്റെ അനുവാദം വാങ്ങാതെയാണ് വീട്ടിലെത്തിയതെന്നും പത്മകുമാർ പറഞ്ഞു. താൻ ബിജെപിയിലേക്ക് ഇല്ലെന്ന് ജില്ലാ പ്രസിഡൻറ് വി എ സൂരജിനെ പരസ്യമായി അറിയിക്കുന്നുവെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കെ വ്യക്തമാക്കി.
പാർട്ടി സംസ്ഥാന സമ്മേളനത്തിന് പിന്നാലെ പരസ്യമായ എതിർപ്പ് പത്മകുമാർ പ്രകടപിച്ചിരുന്നു. സമ്മേളന വേദിയിൽ നിന്നുള്ള ഇറങ്ങിപ്പോക്കിലും ഇതിനു പിന്നാലെ ഫേയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റും വലിയ രീതിയിലുള്ള അതൃപ്തിയാണ് പാർട്ടി നേതൃത്വത്തിനുള്ളത്. പുതിയ സംസ്ഥാന സമിതിയെ പ്രഖ്യാപിചതിന് പിന്നാലെ ഫെയ്സ്ബുക്കിൽ പത്മകുമാർ ഒരു പോസ്റ്റും പങ്കുവച്ചിരുന്നു. ‘ചതിവ്, വഞ്ചന, അവഹേളനം. 52 വര്‍ഷത്തെ ബാക്കിപത്രം. ലാല്‍സലാം’ എന്നായിരുന്നു അദ്ദേഹം കുറിച്ചത്. സംസ്ഥാന സമിതിയിൽ ഇടം ലഭിക്കാത്തതും വീണാ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ പ്രത്യേക ക്ഷണിതാവാക്കിയതുമാണ് പ്രശ്നങ്ങൾക്ക് കാരണം. വിഷയത്തിൽ നടപിടയെടുക്കാനാണ് പാർട്ടിയുടെ തീരുമാനം. ബുധനാഴ്ച പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റി ചേരുന്നുണ്ട്.അതിൽ അച്ചടക്ക നടപടി അടക്കം തീരുമാനിക്കും.