Kerala Weather Update: സംസ്ഥാനത്ത് മഴ ഇന്നും തുടരും, എല്ലാ ജില്ലകളിലും മുന്നറിയിപ്പ്; അലർട്ടുകൾ ഇങ്ങനെ
Kerala Weather Update Today: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മഴയോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതപെയ്ത് ഇന്നും തുടരും (Kerala Rain Alert). എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ കഴിഞ്ഞ മണിക്കൂറിൽ റെഡ് അലർട്ടിന് സമാനമായ മഴയാണ് ലഭിച്ചത്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് പ്രകാരം, ഇന്ന് സംസ്ഥാനത്തെ എല്ലാ ജില്ലയിലും യെല്ലോ അലർട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലയിലും യെല്ലോ അലർട്ട് നിലനിൽക്കുന്നുണ്ട്. എന്നാൽ മഴ കൂടുതൽ ശക്തമാകുകയാണെങ്കിൽ നിലവിലെ മുന്നറിയിപ്പുകളിൽ മാറ്റം സംഭവിച്ചേക്കാം.
ALSO READ: തോരാമഴ എന്നുവരെ…? വരും ദിവസങ്ങളിലും മുന്നറിയിപ്പ്; കാലാവസ്ഥ പ്രവചനം
മഴയോടൊപ്പം തന്നെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം. മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 11 ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിരിക്കുന്നത്.
ന്യൂനമർദ്ദപാത്തി ശക്തം
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തി തുടരുകയാണ്. കൂടാതെ വടക്കൻ കർണാടകയിൽ നിന്ന് കന്യാകുമാരി വരെ, തെക്കൻ കർണാടക, കേരളം, തമിഴ്നാട് വരെയും ന്യൂനമർദ്ദപാത്തി (Trough) സ്ഥിതിചെയ്യുന്നുണ്ട്. മധ്യ രാജസ്ഥാന് മുകളിലായി ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുകയാണ്. ഇതിൻ്റെ സ്വാധീനഫലമായി കേരളത്തിൽ ഓഗസ്റ്റ് ആറ് വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴയോടൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളം – കർണാടകം – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
പമ്പാ നദിയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു
പമ്പാനദിയിൽ തിങ്കളാഴ്ച പുലർച്ചെയോടെ വീണ്ടും ജലനിരപ്പ് ഉയരുന്നതിനാൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതേ തുടർന്ന് റാന്നി മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് പൊലീസിന്റെ നിർദേശം. റാന്നിയിലെ താഴ്ന്ന പ്രദേശങ്ങളിൽ വീണ്ടും വെള്ളംകയറാൻ സാധ്യതയുള്ളതിനാൽ എല്ലാവരും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും റാന്നി സിഐ നൽകിയ നിർദേശത്തിൽ പറയുന്നു. കഴിഞ്ഞദിവസത്തെ കനത്തമഴയ്ക്ക് പിന്നാലെ റാന്നി ടൗൺ ഉൾപ്പെടെ പലയിടങ്ങളും വെള്ളത്തിൽ മുങ്ങിയിരുന്നു. ഞായറാഴ്ചയോടെയാണ് പലമേഖലകളിൽനിന്നും വെള്ളം ഇറങ്ങിത്തുടങ്ങിയത്.
English Summary:
Kerala Weather Update Today August 3 Monday, IMD Predict Heavy Rainfall In All Districts With Yellow Alert. In This Situation Authorities Issues Holiday For 11 Districts Educational Institution. Check Latest Rain Alert And Affected Areas.