Kerala Golden Goal Project: ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി സർക്കാർ; ലക്ഷ്യം അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ
Golden Goal Project By Kerala Health Department: അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ അപകടത്തിൽപ്പെടുന്നവരുടെ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയും ചെയ്യും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടപ്പാക്കാൻ നിലവിൽ ആലോചിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനാപകടങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതിയ പദ്ധതിയുമായി സർക്കാർ. റോഡ് അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ ‘ഗോൾഡൻ ഗോൾ’ പദ്ധതിയുമായി ആരോഗ്യ വകുപ്പ് രംഗത്തെത്തിയിരിക്കുന്നത് (Golden Goal Project). അപകടത്തിൽപ്പെടുന്നവരെ മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ അപകടത്തിൽപ്പെടുന്നവരുടെ പരിക്കിന്റെ സ്വഭാവത്തിനനുസരിച്ച് അനുയോജ്യമായ ആശുപത്രിയിലെത്തിച്ച് കൃത്യസമയത്ത് ചികിത്സ ഉറപ്പാക്കുകയും ചെയ്യും.
പദ്ധതിയുടെ ഭാഗമായി 108 ആംബുലൻസുകളാണ് സർക്കാർ നിരത്തിലിറക്കുന്നത്. അതൊടൊപ്പം സർക്കാർ, സ്വകാര്യ ആംബുലൻസുകളെയും ഒന്നിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം പദ്ധതി നടപ്പാക്കാൻ നിലവിൽ ആലോചിക്കുന്നത്. പദ്ധതിക്കായി കമ്പ്യൂട്ടർ അധിഷ്ഠിത ഡിസ്പാച്ച് സംവിധാനം, ജിപിഎസ് ട്രാക്കിങ്, ജിഐഎസ് മാപ്പിങ് തുടങ്ങിയ അത്യാധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തും.
ALSO READ: ഐഎഎസ് തലപ്പത്ത് മാറ്റം; എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാൻ
ആംബുലൻസുകളെ ഏകോപിപ്പിപ്പിക്കുന്നതിനായി അടിയന്തര ആംബുലൻസ് സേവനത്തിനായുള്ള ഇൻ്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെൻ്ററും ഇതൊടൊപ്പം വിപുലീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. സംസ്ഥാനത്ത് 335 പുതിയ 108 ആംബുലൻസുകൾ പുറത്തിറക്കിയതിന് പിന്നാലെയാണ് സർക്കാരിൻ്റെ പുതിയ പദ്ധതി നടപ്പാക്കാൻ പോകുന്നത്. അപകടത്തിൽപ്പെട്ടവരുടെ ജീവന് നിർണായകമായ ആദ്യ മണിക്കൂറിൽ തന്നെ രക്ഷിക്കുക, അടിയന്തര ചികിത്സാ സംവിധാനങ്ങളെ ഏകോപിപ്പിക്കുക, ചികിത്സയ്ക്കായി കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.
പദ്ധതിയുടെ ലക്ഷ്യം ഇങ്ങനെ
സർക്കാർ ആശുപത്രികൾക്കു പുറമേ, കാസ്‌പ് പിഎം-ജെഎവൈ പദ്ധതിയിൽ ഉൾപ്പെട്ട എംപാനൽഡ് സ്വകാര്യ ആശുപത്രികളിലേക്കും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്ന രോഗികളുമായുള്ള ആമ്പുലൻസുകൾ എത്തിച്ചേരും. ആദ്യഘട്ടം വിജയകരമായാൽ പിന്നീട് സന്നദ്ധരാകുന്ന സ്വകാര്യ ആശുപത്രികളെയും മറ്റ് സ്വകാര്യ ആംബുലൻസുകളെയും ഉൾപ്പെടുത്തി രണ്ടാംഘട്ടത്തിൽ പദ്ധതി വിപുലീകരിക്കാനാണ് ആരോഗ്യ വകുപ്പിൻ്റെ നീക്കം.
അപകടസ്ഥലത്ത് നിന്ന് ആംബുലൻസിലേക്കും തുടർന്ന് കമാൻഡ് കൺട്രോൾ സെൻ്ററിലേക്കും പരിക്കേറ്റയാളുടെ ആരോഗ്യനില, ജീവസൂചകങ്ങൾ, പരിക്കിൻ്റെ സ്വഭാവം തുടങ്ങിയ വിവരങ്ങൾ ഓൺലൈനായി കൈമാറുന്ന സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്. ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗിയെ ഏത് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് ആംബുലൻസ് ജീവനക്കാർക്ക് നിർദ്ദേശം നൽകുന്നത്. രോഗി എത്തുന്നതിന് മുമ്പുതന്നെ എത്തിച്ചേരുന്ന ആശുപത്രിയിലും വിവരമെത്തിക്കും.
ഇതിലൂടെ ആശുപത്രി ജീവനക്കാർ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങൾ നേരത്തെ തന്നെ നടത്താനാകും. ആരോഗ്യ വകുപ്പിനൊപ്പം പൊലീസ്, മോട്ടോർ വാഹനവകുപ്പ്, ഫയർ ആൻഡ് റെസ്‌ക്യൂ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ദുരന്തനിവാരണ അതോറിറ്റി, സ്വകാര്യ ആശുപത്രികൾ എന്നിവയുടെ ഏകോപനത്തോടെ പദ്ധതിശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
English Summary:
In rising number of road accidents in the state, the government has introduced a new initiative. The Health Department has launched the ‘Golden Goal’ project, aimed at saving the lives of those involved in road accidents.