Kerala Weather Update: ഇടിമിന്നലോട് കൂടിയ മഴ അടുത്തെത്തി! ചൂടിന് ആശ്വാസമോ?; കാലാവസ്ഥ പ്രവചനം
Kerala Weather Update Today: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 29ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം.
തിരുവനന്തപുരം: സംസ്ഥാനത്ത് അസഹനീയമായ നിലയിലാണ് (Kerala Weather Update) ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. മിക്ക ജില്ലകളിലും സാധാരണയിലും കൂടുതൽ ഡിഗ്രി സെൽഷ്യസിലാണ് താപനില റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ചില ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുകളും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, വരുന്ന 29ാം തീയതി പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നു മുതൽ 29ാം തീയതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മുന്നറിയിപ്പുള്ളതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണം. ഉച്ചയ്ക്ക് ശേഷമുള്ള സമയങ്ങളിലാണ് ഇടിമിന്നലിന് കൂടുതൽ സാധ്യത.
ALSO READ: സൂര്യാഘാതമേറ്റ് രണ്ട് മരണം, രാവിലെ 11 മുതൽ 3 വരെ സെൽഫ് ലോക്ക്ഡൗണോ?
സംസ്ഥാനത്ത് ചൂട് കഠിനം
കടുത്ത ചൂട് വർദ്ധിക്കുന്നതിനിടെ സംസ്ഥാനത്ത് ഇന്നും നാളെയും ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 °C വരെയും, കൊല്ലം ജില്ലയിൽ 39 °C വരെയും റിപ്പോർട്ട് ചെയ്യാനുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നത്. പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ 38 °C വരെയും, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ 37 °C വരെയും തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിൽ 36°C താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉഷ്ണതരംഗം: നിർദ്ദേശങ്ങൾ
സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നിലനിൽക്കുന്നതിനാൽ ഇതുമൂലമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നിരുന്നു. പ്രധാന മാർക്കറ്റുകൾ, ബസ്സ്റ്റാൻഡുകൾ എന്നീ പൊതു ഇടങ്ങളിൽ ആവശ്യത്തിന് വെള്ളം, ഒആർഎസ്, സൂര്യാഘാത പ്രഥമശുശ്രൂഷ സൗകര്യങ്ങൾ എന്നിവ ഒരുക്കണമെന്നാണ് യോഗത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്.
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സർവ്വീസ്, ട്രേഡ് യൂണിയൻ, സന്നദ്ധ സംഘടനകൾ എന്നിവർ ഇക്കാര്യത്തിൽ ഏകോപിതമായ പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ സാധ്യമായ ഇടങ്ങളിൽ ട്രാഫിക് സിഗ്നൽ സമയ ദൈർഘ്യം കുറയ്ക്കുന്നത് സംബന്ധിച്ച് പോലീസ്-ട്രാഫിക് അധികാരികളുടെ അഭിപ്രായം തേടി ജില്ലാ കളക്ടർമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചു.
കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള അടിയന്തര നടപടികൾ വാട്ടർ അതോറിറ്റിയും ജലസേചന വകുപ്പും നടപ്പിലാക്കണമെന്നും, തദ്ദേശ സ്ഥാപനങ്ങളുമായി ഇക്കാര്യത്തിൽ ഏകോപനം ഉണ്ടാകണമെന്നും യോഗത്തിൽ തീരുമാനമായി. തിരഞ്ഞെടുത്ത ആശുപത്രികളിൽ നൂതന സൗകര്യങ്ങളോടു കൂടിയ സ്ഥിരം ഹീറ്റ് & ബേൺ ക്ലിനിക്കുകൾ സ്ഥാപിക്കുന്നതിന് ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.