Railway Update: കേരളത്തിന് പുതിയ ട്രെയിൻ , പക്ഷെ രണ്ട് കാര്യങ്ങൾ ശരിയാക്കണം
കേരളത്തിൽ പാളങ്ങളുടെ ഉപയോഗം 120 ശതമാനമാണെന്ന് റെയിൽവേ പറയുന്നു. എങ്കിലും ചില പ്രശ്നങ്ങൾ പരിഹരിച്ചാൽ കൂടുതൽ ട്രെയിനുകൾ എത്തും. എന്താണ് റെയിൽവേ വികസനത്തിൽ കേരളം ശരിയാക്കേണ്ട ആ രണ്ട് കാര്യങ്ങൾ എന്ന് നോക്കാം.
ചെന്നൈ: യാത്രാ ദുരിതം ഒരു ഭാഗത്ത് തുടരുമ്പോഴും കേരളത്തിന് പുതിയ ട്രെയിനുകളൊന്നും കൊടുക്കില്ലെന്ന നിലപാടിലാണ് റെയിൽവേ. ഇതിന് അധികൃതർ ചൂണ്ടിക്കാണിക്കുന്നത് രണ്ട് പ്രധാന കാര്യങ്ങളാണ്. ഒപ്പം കേരളത്തിന് താങ്ങാനാവുന്നതിലും അധികം ട്രെയിനുകളുണ്ടെന്ന് റെയിൽവേ ചൂണ്ടിക്കാണിക്കുന്നു. ഇതുകൊണ്ട് തന്നെ കേരളത്തിലെ റെയിൽ പാളങ്ങളുടെ ഉപയോഗം 120 ശതമാനമാണെന്ന് റെയിൽവേ പറയുന്നു. എന്താണ് റെയിൽവേ വികസനത്തിൽ കേരളം ശരിയാക്കേണ്ട ആ രണ്ട് കാര്യങ്ങൾ എന്ന് നോക്കാം.
മൂന്നാം പാത
നിലവിൽ ഇരട്ട പാത മിക്കവാറും ജില്ലകളിലും പൂർത്തിയായി കഴിഞ്ഞു. ഇതിന് ബദലായി അല്ലെങ്കിൽ മറ്റൊരു വശമായി മൂന്നാമതായി മറ്റൊരു പാത കൂടി വരണം. ഒപ്പം തന്നെ അറ്റകുറ്റപ്പണികൾക്കായി കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ ഒരു യാർഡു നിർമ്മിക്കണം. ഇവയാണ് പ്രാഥമികമായി റെയിൽവേ വികസനത്തിന് ആവശ്യമുള്ള കാര്യങ്ങളായി ചൂണ്ടിക്കാണിക്കുന്നത്. മൂന്നാമതൊരു പാത കൂടി വന്നാൽ നിലവിൽ ട്രെയിനുകൾ പിടിച്ചിടുന്ന പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
എങ്കിലും നേരത്തെ പ്രഖ്യാപിച്ച പാത ഇരട്ടിപ്പിക്കൽ ഇതുവരെ പൂർത്തിയായിട്ടില്ല.ഭൂമി ഏറ്റെടുക്കലിലെ കാലതാമസം മൂലം കായംകുളം – ആലപ്പുഴ – എറണാകുളം പാത ഇരട്ടിപ്പിക്കൽ ഇതുവരെ പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നതാണ് സത്യം. അമ്പലപ്പുഴ -എറണാകുളം പാത ഇരട്ടിപ്പിക്കലും ഇപ്പോഴും ഇഴയുകയാണ്.
കുടുങ്ങുന്നത് സ്ഥലമേറ്റെടുക്കലിൽ
പുതിയ പാത വരുന്നത് റെയിൽവേ വികസനത്തിന് സഹായകരമാണെങ്കിലും മിക്കയിടങ്ങളിലും സ്ഥലമേറ്റെടുക്കലിൽ കുടുങ്ങുന്നതാണ് പതിവ്. എന്നാൽ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച് ദക്ഷിണ റെയിൽവേ സംസ്ഥാന സർക്കാരുമായി സംസാരിക്കുന്നില്ലെന്നാണ് മറ്റൊരു ആക്ഷേപമുള്ളത്.
യാർഡ് കണ്ണൂരോ കാസർകോടോ
നിലവിൽ റെയിൽവേയുടെ പ്രധാന യാർഡ് ഷൊർണ്ണൂരാണ്. ഇവിടെയാണ് കോച്ചുകളുടെയും മറ്റും അറ്റകുറ്റപ്പണികൾ പ്രധാനമായും നടത്തുന്നത്. ഇതിനൊപ്പം തന്നെ കണ്ണൂരോ കാസർകോട്ടോ ഒരു യാർഡ് വേണമെന്നാണ് റെയിൽവേയുടെ ആവശ്യം.