Kannur Feni: നമ്മുടെ സ്വന്തം ‘കണ്ണൂർ ഫെനി’ ഔദ്യോഗികമായി പുറത്തിറങ്ങുന്നു
Kerala's Kannur Feni is set to launch: ഒരു ലിറ്റർ ഫെനിയുടെ ഉൽപാദനച്ചെലവ് ഏകദേശം 200-250 രൂപയായി കണക്കാക്കുന്നു. 100% എക്സൈസ് നികുതി ഏർപ്പെടുത്തിയതിനാൽ, ഏകദേശം 500-600 രൂപയ്ക്കിടയിൽ വില നിശ്ചയിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.

കണ്ണൂർ: ഗോവൻ ഫെനിക്ക് സമാനമായി കേരളത്തിൻറെ സ്വന്തം ‘കണ്ണൂർ ഫെനി’ ഔദ്യോഗികമായി പുറത്തിറങ്ങാൻ ഒരുങ്ങുന്നു. പയ്യാവൂർ സർവീസ് സഹകരണ ബാങ്കിന് കശുമാങ്ങ ഉപയോഗിച്ച് ആൽക്കഹോൾ വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അന്തിമ അനുമതി ലഭിച്ചു. അടുത്ത കശുവണ്ടി സീസണിൽ ഉത്പാദനം ആരംഭിച്ച് ഈ വർഷം ഡിസംബറോടെ ഫെനി വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
കണ്ണൂരിലെ സമൃദ്ധമായ കശുവണ്ടി വിളവ് ഉപയോഗിച്ച് ഒരു തനത് ഉത്പന്നം എന്ന നിലയിലാണ് ‘കണ്ണൂർ ഫെനി’ എന്ന ആശയം രൂപപ്പെട്ടത്. 2016-ൽ സഹകരണ സംഘം ഈ നിർദ്ദേശവുമായി സംസ്ഥാന സർക്കാരിനെ സമീപിച്ചു. 2022 ജൂണിൽ സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചെങ്കിലും ചില നിയന്ത്രണങ്ങൾ കാരണം പദ്ധതി നിർത്തിവച്ചിരുന്നു. എന്നാൽ, നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് അംഗീകരിക്കുകയും ധനകാര്യ വകുപ്പ് നികുതി നിരക്കുകൾ നിശ്ചയിക്കുകയും ചെയ്തതോടെ കണ്ണൂർ ഫെനിക്ക് ഔദ്യോഗികമായി അനുമതി ലഭിക്കുകയായിരുന്നു.
പദ്ധതിക്ക് പിന്നിൽ വർഷങ്ങളുടെ പ്രയത്നം
“1990-ൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് കണ്ണൂർ ഫെനി എന്ന ആശയം ഞാൻ മുന്നോട്ടുവച്ചത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം നേടുന്നതിനുള്ള പ്രവർത്തനങ്ങളായിരുന്നു പിന്നീട്. എക്സൈസ് ലൈസൻസിനായി ഞങ്ങൾ അപേക്ഷിച്ചിട്ടുണ്ട്, എക്സൈസ് കമ്മീഷണർ അത് അനുവദിക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ വർഷം ഡിസംബറോടെ ഉത്പാദനം ആരംഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ബാങ്ക് പ്രസിഡന്റ് ടി.എം. ജോഷി പറഞ്ഞു.
ഉത്പാദനവും വിലയും
ഡിസ്റ്റിലറിക്കായി കാഞ്ഞിരക്കൊല്ലിയിൽ നാല് ഏക്കർ ഭൂമി സഹകരണ സംഘം മാറ്റിവെച്ചിട്ടുണ്ട്. പ്രാദേശിക കർഷകരെ ഒരുമിച്ച് കൊണ്ടുവരുന്നത് ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ സഹായിക്കുമെന്ന് ജോഷി വ്യക്തമാക്കി. ഒരു ലിറ്റർ ഫെനിയുടെ ഉൽപാദനച്ചെലവ് ഏകദേശം 200-250 രൂപയായി കണക്കാക്കുന്നു. 100% എക്സൈസ് നികുതി ഏർപ്പെടുത്തിയതിനാൽ, ഏകദേശം 500-600 രൂപയ്ക്കിടയിൽ വില നിശ്ചയിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്.
പേരിനെച്ചൊല്ലി ആശങ്ക
ഉത്പന്നത്തിന്റെ പേരിനെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ല. “ഇതിനെ ‘കണ്ണൂർ ഫെനി’ എന്ന് വിളിക്കാനാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഗോവയിൽ ‘ഫെനി’ എന്നതിന് പേറ്റന്റ് ഉള്ളതിനാൽ, ആ പദം ഉപയോഗിക്കുന്നതിൽ ശ്രദ്ധപുലർത്തേണ്ടതുണ്ട്. എക്സൈസ് അനുമതി ലഭിച്ചുകഴിഞ്ഞാൽ, ഈ വിഷയത്തിൽ നിയമോപദേശം തേടും,” ടി.എം. ജോഷി കൂട്ടിച്ചേർത്തു.