Kochi Night Life: കൊച്ചി പഴയ കൊച്ചിയല്ല! പുലര്‍ച്ചെ വരെ ഡിജെ പാര്‍ട്ടികള്‍ നടക്കില്ല കേട്ടോ
Kochi Tightens Rules on Nightlife: ബാറുകള്‍ 12 മണി വരെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവിടെ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ 11 മണിക്ക് തന്നെ അവസാനിപ്പിച്ചിരിക്കണം. എന്നാല്‍ ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചതിനോടൊപ്പം തന്നെ ഉയര്‍ന്ന ഡിജെ സമയക്രമം പോലീസിന് മുന്നില്‍ വെല്ലുവിളിയാകുകയാണ്.
എറണാകുളം / കൊച്ചി: കൊച്ചിയില്‍ രാത്രികാല ഡിജെ പാര്‍ട്ടികള്‍ക്ക് കടിഞ്ഞാണ്‍ വീഴുന്നു. ലഹരിക്കേസുകളും മറ്റ് അക്രമ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെ പശ്ചാത്തലത്തില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് സിറ്റി പോലീസ്. ഇതിൻ്റ ഭാഗമായി നഗരത്തിൽ മൂന്നുമണി വരെ ഡിജെ പാര്‍ട്ടി എന്ന പേരില്‍ ഇനി ആഘോഷിക്കാനാകില്ല. എല്ലായിടങ്ങളിലും പരിശോധനകള്‍ നടത്താനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ അടച്ചേ പറ്റൂ
ബാറുകള്‍ 12 മണി വരെയാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അവിടെ നടക്കുന്ന ഡിജെ പാര്‍ട്ടികള്‍ 11 മണിക്ക് തന്നെ അവസാനിപ്പിച്ചിരിക്കണം. എന്നാല്‍ ബാറുകളുടെ പ്രവര്‍ത്തന സമയം വര്‍ധിപ്പിച്ചതിനോടൊപ്പം തന്നെ ഉയര്‍ന്ന ഡിജെ സമയക്രമം പോലീസിന് മുന്നില്‍ വെല്ലുവിളിയാകുകയാണ്.
ബാറുകള്‍ രാത്രി വൈകിയും പ്രവര്‍ത്തിക്കുന്നത് തെരുവോരങ്ങളിലെ ഭക്ഷണശാലകളുടെ സമയവും ദീര്‍ധിപ്പിച്ചു. എന്നാല്‍ ഇതെല്ലാം എത്തിച്ചത് വലിയ ക്രമസമാധാന പ്രശ്‌നങ്ങളിലേക്കാണ്, ഇതേതുടര്‍ന്നാണ് പോലീസ് നടപടി. നഗരത്തില്‍ നിലവില്‍ എംഡിഎംഎ, മെത്താംഫെറ്റമിന്‍ തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം വന്‍തോതിലാണെന്നും പോലീസ് പറയുന്നു.




ഇവയ്ക്ക് പുറമെ ഹെറോയിനും നഗരത്തിലേക്ക് കൂടുതലായി ഒഴുകുന്നു. ലഹരി ഉപയോഗത്തിനായി വേണ്ടിമാത്രം പാര്‍ട്ടികളും നഗരത്തില്‍ നടത്തപ്പെടുന്നുണ്ട്. അവധിക്കാലം ആഘോഷിക്കാനായി പാര്‍ട്ടികളില്‍ പങ്കെടുക്കാനായി ധാരാളം ആളുകളെത്തുന്നു.
പാര്‍ട്ടി കഴിയുന്നതോടെ ആഘോഷം അവസാനിക്കുന്നില്ല. നഗരത്തിലൂടെ ചീറിപ്പാഞ്ഞ് മറ്റുള്ളവരെ അപകടത്തില്‍ എത്തിക്കുന്നവരും ധാരാളം. ഇതിനെ തുടര്‍ന്ന് ധാരാളം പരാതികളാണ് പോലീസിനെ തേടിയെത്തുന്നത്.
എല്ലാം ഡിജെ പാര്‍ട്ടിക്ക് വേണ്ടി
നഗരത്തില്‍ നിലവില്‍ പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളെല്ലാം ഡിജെ പാര്‍ട്ടികള്‍ക്കായി കൊണ്ടുവരുന്നതാണെന്നാണ് പ്രതികള്‍ പറയുന്നത്. ഇത്രയേറെ ലഹരി വസ്തുക്കള്‍ കൊച്ചിയിലേക്ക് എത്തുന്നത് ആശങ്ക ഇരട്ടിയാക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലാണ് നഗരത്തില്‍ കൂടുതല്‍ ഡിജെ പാര്‍ട്ടികള്‍ നടക്കുന്നത്.
എല്ലായിടങ്ങളിലും നടക്കുന്ന ഓരോ പാര്‍ട്ടികളിലും ഏകദേശം 200 ഓളം ആളുകള്‍ പങ്കെടുക്കുന്നു. എന്നാല്‍ ഇതില്‍ എത്രപേര്‍ പ്രായപൂര്‍ത്തിയായ ആളുകളാണെന്ന കാര്യം ഡിജെ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പോലും വ്യക്തമല്ല. ചിലയിടങ്ങളില്‍ മാത്രമാണ് കൃത്യമായ പ്രായ പരിശോധനയ്ക്ക് ശേഷം ആളുകളെ ഡിജെ പാര്‍ട്ടിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുന്നത്.
നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ നടക്കുന്ന എല്ലായിടത്തും ഷാഡോ പോലീസിനെ വിന്യസിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. എന്നാല്‍ എല്ലായിടത്തും ഒരുപോലെ എത്താന്‍ പലപ്പോഴും പോലീസിന് സാധിക്കുന്നില്ല. പുലര്‍ച്ചെ വരെ തുടരുന്ന പാര്‍ട്ടികളാണ് പലപ്പോഴും വെല്ലുവിളി സൃഷ്ടിക്കുന്നത്.
കേസെടുത്ത് പോലീസ്
കൊച്ചി നഗരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് ശേഷവും ഡിജെ പാര്‍ട്ടി നടത്തിയതിന് കടവന്ത്ര പോലീസ് കേസെടുത്തു. എളംകുളത്തെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ റസ്‌റ്റോ ബാര്‍ നടത്തിപ്പുകാരനെ പ്രതി ചേര്‍ത്താണ് കേസ്. ബുധനാഴ്ട രാത്രി ആരംഭിച്ച പാര്‍ട്ടി വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണി വരെ നീണ്ടുനിന്നതിനെ തുടര്‍ന്നാണ് നടപടി.
Also Read: Kochi-Mussoorie Travel: കൊച്ചിയില്‍ നിന്ന് മസൂറിയിലേക്ക് പോയാലോ? യാത്ര എന്തെളുപ്പമാണ്
ഹോട്ടലുകള്‍ക്ക് പുറമെ മറൈന്‍ ഡ്രൈവിലെ ആഡംബര നൗകകള്‍ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്. ഇവിടെയും വ്യാപകമായ ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കേസുകള്‍ നിരവധി
കഴിഞ്ഞ കുറച്ച് മാസത്തിനിടെ ഡിജെ പാര്‍ട്ടികളുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്തത് അന്‍പതിന് മുകളില്‍ കേസുകളാണ്. പാര്‍ട്ടികഴിഞ്ഞുണ്ടായ അപകടങ്ങളില്‍ ധാരാളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതിന് പുറമെ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് യുവാക്കള്‍ക്കെതിരെ ദിവസങ്ങള്‍ക്ക് മുമ്പ് കേസെടുത്തിരുന്നു. കടവന്ത്രയിലായിരുന്നു സംഭവം.
English Summary
Authorities in Kochi have imposed restrictions on DJ parties, banning late-night celebrations beyond 3 AM. The move aims to regulate nightlife activities and ensure public safety, limiting extended night events in the city.