Kochi Metro: പിങ്ക് ലൈൻ 2027ൽ, കൊച്ചി മെട്രോയിൽ വൻ മാറ്റങ്ങൾ
Kochi Metro Phase 2, Pink Line Update: 2024 ജൂണ്‍ 12-നാണ് വയഡക്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിദേശ വായ്പാ അനുമതി വൈകിയതും, കെ.എസ്.ഇ.ബി - വാട്ടര്‍ അതോറിറ്റി ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവ മാറ്റിസ്ഥാപിക്കല്‍ അടക്കമുള്ള പ്രതിസന്ധികളും തുടക്കസമയത്ത് വില്ലനായി. എന്നിരുന്നാലും അതെല്ലാം മറിക്കടന്ന് പദ്ധതി നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്.

കൊച്ചി മെട്രോ
കൊച്ചി മെട്രോ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് കൊച്ചി മെട്രോ ലിമിറ്റഡ് അറിയിച്ചു. രണ്ടാം ഘട്ടമായ പിങ്ക് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയായേക്കും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ സ്മാർട് സിറ്റി വരെയുള്ള 11.20 കിലോമീറ്റർ പാതയുടെ നിർമ്മാണം 2027 ഓഗസ്റ്റിൽ പൂർത്തിയാക്കാനാണ് കെഎംആർഎൽ ലക്ഷ്യമിടുന്നത്.
പിങ്ക് ലൈൻ പ്രവർത്തനങ്ങൾ
ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് കാക്കനാട് വഴി സ്മാര്‍ട് സിറ്റിയിലേക്കുള്ള 11.20 കിലോമീറ്റര്‍ എലിവേറ്റഡ് പാതയുടെയും 11 സ്റ്റേഷനുകളുടെയും നിര്‍മാണമാണ് നടക്കുന്നത്. അഫ്കോൺസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് പ്രധാന കരാറുകാർ. സ്റ്റേഷനുകളുമായി ബന്ധപ്പെട്ട പൈലിങ്, പൈൽ ക്യാപ് നിർമാണം തുടങ്ങിയ എല്ലാ ഫൗണ്ടേഷൻ ജോലികളും പൂർത്തിയായിട്ടുണ്ട്. 24 മണിക്കൂറും സജീവമായി നടക്കുന്ന നിര്‍മാണത്തിലൂടെ പ്രതിദിനം 30 മുതല്‍ 40 മീറ്റര്‍ വരെ പാത പൂര്‍ത്തിയാകുന്നുണ്ട്.
2024 ജൂണ്‍ 12-നാണ് വയഡക്റ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. വിദേശ വായ്പാ അനുമതി വൈകിയതും, കെ.എസ്.ഇ.ബി – വാട്ടര്‍ അതോറിറ്റി ലൈനുകള്‍, ഗ്യാസ് പൈപ്പ് ലൈനുകള്‍ എന്നിവ മാറ്റിസ്ഥാപിക്കല്‍ അടക്കമുള്ള പ്രതിസന്ധികളും തുടക്കസമയത്ത് വില്ലനായി. എന്നിരുന്നാലും അതെല്ലാം മറിക്കടന്ന് പദ്ധതി നിര്‍ണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്.
ALSO READ: ടൂറിസ്റ്റ് ബസ്സുകൾ വീണ്ടും കളറാകുന്നു? കളർ കോഡ് പുനഃപരിശോധിക്കാൻ നിർദേശം
നിർമാണം ഇതുവരെ
2028 പൈലുകളില്‍ 1877 എണ്ണവും, 470 തൂണുകളില്‍ 397 എണ്ണവും പൂര്‍ത്തിയാക്കി. 266 പിയര്‍ ക്യാപ്പുകളും സ്ഥാപിച്ചു. 346 യു(U) ഗര്‍ഡറുകളും 136 ഐ(I) ഗര്‍ഡറുകളും സ്ഥാപിച്ചിട്ടുണ്ട്. ബാരിക്കേഡുകള്‍ നീക്കി റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് മുന്നോടിയായി വയഡക്റ്റ് നിര്‍മാണം പൂര്‍ത്തിയായ ഇടങ്ങളില്‍ റോഡിന് മധ്യഭാഗത്തായി മീഡിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സിവില്‍ലൈന്‍ റോഡിലും ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് വേ റോഡിലും ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
കൂടാതെ, ട്രാക്ക് വര്‍ക്ക്, സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷന്‍, വൈദ്യുതി വിതരണം എന്നിവയ്ക്കുള്ള എല്ലാ കരാറുകളും നല്‍കി. ട്രാക്ക് നിര്‍മാണത്തിനാവശ്യമായ റെയിലുകള്‍ എത്തിക്കഴിഞ്ഞു. 18 മീറ്റര്‍ നീളത്തിലുള്ള 2444 റെയിലുകളാണ് എത്തിച്ചിരിക്കുന്നത്. ലിഫ്റ്റ്, എസ്‌കലേറ്റര്‍ മുതലായവയുടെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്.
സർവീസ് 2027 ഓഗസ്റ്റില്‍
പാതയുടെയുടെ സ്റ്റേഷനുകളുടെയും നിര്‍മാണത്തിനാവശ്യമായ പ്രീകാസ്റ്റ് എലമെന്റുകളുടെ നിര്‍മ്മാണം എച്ച്.എം.ടി കാസ്റ്റിംഗ് യാര്‍ഡില്‍ പുരോഗമിക്കുകയാണ്. ”വിവിധ ഏജന്‍സികളുടെ നിരന്തരമായ ഏകോപനത്തിലൂടെയും ആഴ്ചതോറുമുള്ള കൃത്യമായ അവലോകനങ്ങളിലൂടെയുമാണ് നിര്‍മാണം വേഗത്തിലാക്കുന്നത്. എല്ലാം നിര്‍മ്മാണ ജോലികളും പൂര്‍ത്തിയാക്കി 2027 ഓഗസ്റ്റില്‍ സര്‍വീസ് ആരംഭിക്കുവാനാണ് ലക്ഷ്യമിടുന്നത്” എന്ന് കെഎംആർഎൽ അറിയിച്ചു.
English Summary:
Kochi Metro Phase II, known as the Pink Line, is progressing rapidly, with KMRL targeting the completion of the 11.20-km elevated corridor from JLN Stadium through Kakkanad to SmartCity by August 2027. The project includes 11 stations and has overcome challenges such as utility shifting, funding delays and land-related issues.