Kochi Metro Rail: കൊച്ചി മെട്രോയുടെ ‘മുഖം’ മാറും; വാട്ടര്‍ മെട്രോയുടെ റൂട്ടുകള്‍ വര്‍ധിക്കും; കെഎംആര്‍എല്ലിന് ഇത് തിരക്കേറിയ വര്‍ഷം
What changes can be expected in Kochi Metro and Water Metro in 2026: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് 2026 തിരക്കേറിയ വര്‍ഷം. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് ഈ വര്‍ഷം കെഎംആര്‍എല്ലിന് പൂര്‍ത്തിയാക്കാനുള്ളത്
കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെഎംആര്‍എല്‍) 2026 തിരക്കേറിയ വര്‍ഷം. കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങളാണ് ഈ വര്‍ഷം കെഎംആര്‍എല്ലിന് പൂര്‍ത്തിയാക്കാനുള്ളത്. കൊച്ചി മെട്രോ ഈ വര്‍ഷം കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമമെന്ന് കെഎംആര്‍എല്‍ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
2026 ഡിസംബറോടെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കാനാണ് ശ്രമം. അതില്‍ സാങ്കേതികപരമായ വെല്ലുവിളികളുണ്ട്. അത് തരണം ചെയ്ത് സമയബന്ധിതമായി നടപ്പിലാക്കണം. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ലാഭം വര്‍ധിക്കും. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പാടാക്കാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാം ഘട്ടത്തിന്റെ ഡിപിആര്‍ ജനുവരി 31 ഓടെ ലഭിക്കാനാണ് ശ്രമം. കണ്‍സള്‍ട്ടന്റ് കമ്പനി ജോലികള്‍ ചെയ്തുവരികയാണ്. 31 ഓടെ ഡിപിആര്‍ നല്‍കിയാല്‍ ഫെബ്രുവരിയില്‍ അത് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. അത് പ്രധാനപ്പെട്ട ലൈനാണ്. അതില്‍ തടസങ്ങളുണ്ടാകാന്‍ സാധ്യതയില്ല. കുറച്ചു നടപടിക്രമങ്ങള്‍ ബാക്കിയുണ്ട്. ഈ വര്‍ഷം അംഗീകാരം കിട്ടിയാല്‍ അടുത്ത വര്‍ഷം പകുതിയോടെ നിര്‍മ്മാണം തുടങ്ങാനാകുമെന്നും ബെഹ്‌റ പറഞ്ഞു.
തിരുവനന്തപുരം മെട്രോയുടെ കാര്യത്തില്‍ സര്‍ക്കാര്‍ പുതിയ അലൈന്‍മെന്റ് തീരുമാനിച്ചിട്ടുണ്ട്. അത് അനുസരിച്ച് ഡിപിആര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ഈ മാസം പൂര്‍ത്തിയാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
വാട്ടര്‍ മെട്രോയ്ക്ക് കൂടുതല്‍ റൂട്ടുകള്‍
വാട്ടര്‍ മെട്രോയുടെ റൂട്ടുകള്‍ വര്‍ധിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. എറണാകുളം ടെര്‍മിനല്‍ നിര്‍മ്മിക്കും. ഹൈ ടെക് ടെര്‍മിനലായിരിക്കും. അത് മികച്ച ടെര്‍മിനലാക്കുകയാണ് ലക്ഷ്യം. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുമെന്നതില്‍ സംശയമില്ല. മുംബൈ, ഗോവ, ആന്‍ഡമാന്‍ പോലെ രാജ്യത്തെ വിവിധ സ്ഥലങ്ങളില്‍ വാട്ടര്‍ മെട്രോ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടക്കുകയാണെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.