Kollam Black Magic: മന്ത്രവാദത്തിന് വഴങ്ങിയില്ല; കൊല്ലത്ത് ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറിയൊഴിച്ചു
Kollam Black Magic Crime: കഴിഞ്ഞ കുറച്ചു നാളുകളായി റെജിലയുടെ ദേഹത്ത് സാത്താൻ കൂടിയിരിക്കുന്നതായി ആരോപിച്ച് ഇയാൾ മന്ത്രവാദത്തിന് പ്രേരിപ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് റെജിലയെ സജീർ കൊണ്ടുപോയിരുന്നു.
കൊല്ലം: മന്ത്രവാദത്തിന് തയ്യാറാവാത്തതിനെ തുടർന്ന് ഭാര്യയുടെ മുഖത്ത് തിളച്ച മീൻകറി ഒഴിച്ച് ഭർത്താവ് (Kollam Black Magic crime). കൊല്ലം ആയൂരിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. 36 വയസുകാരിയായ റെജില ഗഫൂറാണ് ക്രൂരതയ്ക്ക് ഇരയായത്. റെജിലയ്ക്ക് ഭർത്താവിൻ്റെ ആക്രമണത്തിൽ സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇവരുടെ ഭർത്താവ് സജീറീനെതിരെ ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇന്നലെ രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം.
കഴിഞ്ഞ കുറച്ചു നാളുകളായി റെജിലയുടെ ദേഹത്ത് സാത്താൻ കൂടിയിരിക്കുന്നതായി ആരോപിച്ച് ഇയാൾ മന്ത്രവാദത്തിന് പ്രേരിപ്പിച്ചിരുന്നു. ഇതിൻ്റെ ഭാഗമായി അഞ്ചൽ ഏറത്തുള്ള മന്ത്രവാദിയുടെ അടുത്ത് റെജിലയെ സജീർ കൊണ്ടുപോയിരുന്നു. ഇന്നലെ രാവിലെ വീണ്ടും മന്ത്ര വാദിയുടെ അടുത്ത് നിന്ന് ഭസ്മവും തകിടും കൊണ്ടുവന്നിരുന്നു.
Also Read: മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി, അമ്മയെ കഴുത്തറുത്ത് കൊന്ന് മകൻ; പ്രതി അറസ്റ്റിൽ
എന്നാൽ ഇത് കൂടോത്രമാണെന്നും തനിക്ക് വേണ്ടെന്നും പറഞ്ഞ റജില എതിർത്തതോടെ ഇയാൾ വൈരാഗ്യം വർദ്ധിച്ചു. ഇതേച്ചൊല്ലി രണ്ടുപേരും തമ്മിൽ വാക്കുതർക്കവും ഉണ്ടായി. പിന്നാലെ അടുപ്പിലുണ്ടായിരുന്ന തിളച്ച മീൻ കറിയെടുത്ത് സജീർ റെജിലയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
റെജിലയുടെ നിലവിളി കേട്ട് നാട്ടുകാരും ബന്ധുക്കളും ഓടിയെത്തിയാണ് രക്ഷിച്ചത്. റെജിലയെ ആദ്യം ആയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും ഉടൻ തന്നെ പ്രവേശിപ്പിച്ചു. റെജിലയുടെ മുഖത്തും ദേഹത്തും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ചടയമംഗലം പോലീസ് റെജിലയുടെ മൊഴി രേഖപ്പെടുത്തുകയും ഭർത്താവ് സജീറീനെതിരെ കേസെടുക്കുകയും ചെയ്തു.