Pathanapuram UAPA Case: മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചു; അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ
Kollam Pathanapuram UAPA Case: പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭർത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തിരിക്കുന്നത്. യുവതി രണ്ടാം വിവാഹത്തിന് ശേഷം മതപരിവർത്തനം നടത്തിയിരുന്നു. പരാതിയെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്.
കൊല്ലം: പത്തനാപുരത്ത് മകനെ ഐഎസിൽ (ഇസ്‌ലാമിക് സ്റ്റേറ്റ്) ചേരാൻ പ്രേരിപ്പിച്ചുവെന്ന പരാതിയിൽ അമ്മയ്ക്കും രണ്ടാം ഭർത്താവിനുമെതിരെ യുഎപിഎ (UAPA). പതിനാറുകാരനായ മകനെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതി. വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
പരാതിയെ തുടർന്ന് ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. പത്തനാപുരം സ്വദേശിനിക്കും രണ്ടാം ഭർത്താവായ വെമ്പായം സ്വദേശിക്കുമെതിരെയാണ് യുഎപിഎ ചുമത്തി കേസെടുത്തിരിക്കുന്നത്. യുവതി രണ്ടാം വിവാഹത്തിന് ശേഷം മതപരിവർത്തനം നടത്തിയിരുന്നു.
Also Read: വയനാട്ടിൽ സിപ്പ്‌ലൈൻ അപകടത്തിൻ്റെ വ്യാജവീഡിയോ നിർമിച്ചയാൾ പിടിയിൽ
അതിന് ശേഷം യുവതിയും രണ്ടാം ഭർത്താവും യുകെയിലായിരുന്നു താമസം. പിന്നാലെ മകനെയും യുകെയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയ കുട്ടിയെ ഐഎസുമായി ബന്ധമുള്ള വീഡിയോ ദൃശ്യങ്ങൾ കാട്ടി കുട്ടിയെ സംഘടനയിൽ ചേരാൻ പ്രേരിപ്പിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. തിരിച്ച് നാട്ടിലെത്തിയ ദമ്പതികൾ കുട്ടിയെ ആറ്റിങ്ങലിലുള്ള ഒരു മതപഠനകേന്ദ്രത്തിലാക്കുകയും ചെയ്തുവെന്നാണ് വിവരം.
കുട്ടിയുടെ സ്വഭാവത്തിൽ ചില മാറ്റം കണ്ട അധികൃതർ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. സംഭവത്തിൽ എൻഐഎ അടക്കം വിവരശേഖരണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിലിവിൽ കുട്ടിയുടെ അച്ഛനും യുവതിയുടെ ആദ്യഭർത്താവുമായ വ്യക്തിയുടെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ് പതിനാറുകാരൻ.