Konni auto accident: റോഡിൽ പാമ്പ്; സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു
Konni Two Students' Death: റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ, ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് 50 അടിയോളം താഴ്ചയിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോയിൽ ആറ് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.

പ്രതീകാത്മക ചിത്രം
കോന്നി: കരിമാൻതോട് തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. കരിമാൻതോട് ശ്രീനാരായണ സ്കൂൾ വിദ്യാർഥിനി ആദിലക്ഷ്മി (മൂന്നാം ക്ലാസ് വിദ്യാർഥിനി), യദുകൃഷ്ണ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ആദിലക്ഷ്മിയുടെ മരണം നേരത്തേ സ്ഥിരീകരിച്ചിരുന്നു.
റോഡിൽ പാമ്പിനെ കണ്ട് വെട്ടിച്ചപ്പോൾ, ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് 50 അടിയോളം താഴ്ചയിലുള്ള തോട്ടിലേക്ക് മറിയുകയായിരുന്നു. ഓട്ടോയിൽ ആറ് വിദ്യാർഥികളാണ് ഉണ്ടായിരുന്നത്.
ഒരു വിദ്യാർഥി ഒഴികെ എല്ലാവർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ആദിലക്ഷ്മി മരിച്ചിരുന്നു. അപകടത്തിന് ശേഷം കാണാതായ തൈപ്പറമ്പിൽ മൻമദന്റെ മകൻ യദുകൃഷ്ണയുടെ മൃതദേഹം പിന്നീട് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിൽ കണ്ടെടുത്തു.
ഗുരുതരമായി പരുക്കേറ്റ തൂമ്പാക്കുളം മാടപ്പള്ളിൽ മനോജിന്റെ മകൾ ജുവൽ സാറാ തോമസിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാഞ്ഞപ്ളാക്കൽ അനിലിന്റെ മകൾ ശബരിനാഥ്, കൊല്ലംപറമ്പിൽ ഷാജിയുടെ മകൾ അൽഫോൺസ എന്നിവർ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഓട്ടോ ഡ്രൈവറുടെ പരുക്ക് ഗുരുതരമല്ല.