ശബരിമല സ്വർണക്കൊള്ള: പോറ്റി ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിൽ; തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി എ പത്മകുമാറിന്റെ മൊഴി
Sabarimala Gold Scam Case: കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമെന്ന് പത്മകുമാർ പറഞ്ഞു. ശബരിമലയിൽ പോറ്റി ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും പത്മകുമാർ മൊഴി നൽകി.
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് കുരുക്കായി മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ മൊഴി. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ൻ പോറ്റിയുമായി രാജീവർക്ക് അടുത്ത ബന്ധമെന്ന് പത്മകുമാർ പറഞ്ഞു. ശബരിമലയിൽ പോറ്റി ശക്തനായത് തന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തിലെന്നും പത്മകുമാർ മൊഴി നൽകി.
ശബരിമലയിൽ സ്പോൺസർ ആകാൻ പോറ്റി സർക്കാരിൽ ആരെയൊക്കെ സമീപിച്ചെന്ന ചോദ്യത്തിനു പത്മകുമാർ കൃത്യമായ ഉത്തരം നൽകിയില്ല. സന്നിധാനത്ത് വച്ച് ഗോൾഡ് പ്ലേറ്റിംഗ് വർക്കുകൾ സന്നിധാനത്ത് ചെയ്യാന കഴിയാത്തത് കൊണ്ടാണ് മാനുവലിന് വിരുദ്ധമായി പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയതെന്നും ഉദ്യോഗസ്ഥരോട് കൃത്യമായ തൂക്കവും അളവുമെടുത്ത് മാത്രമേ കൊണ്ടുപോകാൻ പാടുള്ളൂ എന്ന് നിർദ്ദേശിച്ചിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു.
മുൻ ഭരണസമിതിയുടെ കാലത്തും ക്ലാഡിങ് വർക്കുകൾ പുറത്ത് കൊണ്ട് പോയി നടത്തിയിട്ടുണ്ടെന്നും പത്മകുമാർ പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ പത്മകുമാറിനെ ഇന്ന് വൈകിട്ട് കൊല്ലം കോടതിയിൽ ഹാജരാക്കും. അതേസമയം കഴിഞ്ഞ ദിവസം തന്ത്രിമാരായ കണ്ഠരര് രാജീവരുടെയും മോഹനരരുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തിയിരുന്നു. പോറ്റിയെ ശബരിമലയിൽ ഉണ്ടായിരുന്ന ആളെന്ന നിലയ്ക്ക് അറിയാമെന്നും അറ്റകുറ്റപ്പണികള്‍ക്ക് അനുവാദം നല്‍കിയത് ഉദ്യോഗസ്ഥര്‍ പറഞ്ഞതു പ്രകാരമാണെന്നും ഇവർ വിശദീകരിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം കേസിലെ പ്രതിയായ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും സമർപ്പിച്ച ഹർജിയാണ് തള്ളിയത്.